നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ധനിക് ലാൽ അടക്കാകുണ്ടിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
കാളികാവ്: കരുവാരകുണ്ട്, കാളികാവ് മേഖലകളിലെ കടുവ ഭീഷണിയുമായി ബന്ധപ്പെട്ട് തുടർ നടപടികൾക്ക് അനുമതി തേടി നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ചീഫ് വൈൽഡ്ലൈഫ് വാർഡന് കത്തെഴുതിയത് രണ്ട് തവണ. മുന്നറിയിപ്പ് നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. കത്തിന്റെ പകർപ്പ് പുറത്തായി.
മാർച്ച് 12നും ഏപ്രിൽ രണ്ടിനുമാണ് കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന് കത്ത് നൽകിയത്. കേരള എസ്റ്റേറ്റിലെ കുനിയൻ മേടിൽ കടുവ സാന്നിധ്യം ഉണ്ടെന്നും ഇവിടെ കൂട് സ്ഥാപിക്കണമെന്നുമായിരുന്നു ആവശ്യം. കുനിയൻ മേടിനോട് ചേർന്ന പ്രദേശമാണ് കടുവ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൊലപ്പെടുത്തിയ റാവുത്തൻകാട്. കത്ത് പുറത്ത് വന്നതോടെ വനംവകുപ്പ് പ്രതിരോധത്തിലായി.
മുന്നറിയിപ്പ് നൽകി കത്തയച്ച സൗത്ത് ഡി.എഫ്.ഒ ധനിക് ലാലിനെയാണ് ശനിയാഴ്ച അടിയന്തര ഉത്തരവിലൂടെ സ്ഥലംമാറ്റിയത്. കടുവയെ പിടികൂടുന്ന ദൗത്യത്തിലേർപ്പെട്ട ഡി.എഫ്.ഒയെ സ്ഥലം മാറ്റിയതിനെതിരെ വനംവകുപ്പ് ജീവനക്കാരിൽ അമർഷമുണ്ട്. ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയ അടക്കമുള്ളവർ സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കടുവയെ കണ്ടെത്താൻ തത്സമയ കാമറ; ദൗത്യം അഞ്ചാം ദിവസത്തിലേക്ക്
കാളികാവ്: അടക്കാകുണ്ടിലെ നരഭോജി കടുവയെ കണ്ടെത്താനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. കടുവയുടെ സാന്നിധ്യം മനസ്സിലാക്കാൻ അടക്കാകുണ്ട് റാവുത്തൻകാട്ടിൽ റിയൽ ടൈം മോണിറ്ററിങ്, ലൈവ് സ്ട്രീം കാമറ സ്ഥാപിക്കൽ തുടങ്ങി. നിലവിലെ അമ്പത് കാമറകൾക്ക് പുറമെയാണ് റിയൽ ടൈം മോണിറ്ററിങ് കാമറകൾ സ്ഥാപിച്ചത്. ഇതോടെ കടുവ സാനിധ്യ തത്സമയം അറിയാനാവും. കാമറകൾ മാറ്റി സ്ഥാപിച്ചും ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ തുടരുകയാണ്.
കടുവയുള്ള സ്ഥലം കൃത്യമായി ട്രാക്കിങ് നടത്തുന്ന തിരക്കിലാണ് ദൗത്യസേനയെന്ന് ഡി.എഫ്.ഒ ധനിക് ലാൽ പറഞ്ഞു. പ്രതികൂല കാലവസ്ഥ തിരച്ചിലിന് തടസ്സമാകുന്നുണ്ട്. കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞെന്ന വിവരം ലഭിച്ചതോടെ ദ്രുത കർമ സേനാംഗങ്ങൾ മുഴുവൻ റാവുത്തൻകാട്ടിലാണിപ്പോൾ. എന്നാൽ പതിവായി ഉച്ചകഴിഞ്ഞ് മഴ പെയ്യുന്നതോടെ തിരച്ചിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയായി. സ്ഥലം മാറ്റം ലഭിച്ചെങ്കിലും സൗത്ത് ഡി.എഫ്.ഒ ധനിക് ലാലും ചീഫ് വെറ്ററനറി സർജൻ അരുൺ സഖറിയയുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.