കാളികാവ്: ഗവ.ഹോമിയോ ആശുപത്രി കെട്ടിടം നിർമാണത്തെ ചൊല്ലി ചോക്കാട് പഞ്ചായത്തിലെ യു.ഡി.എഫിൽ വീണ്ടും തർക്കം മുറുകുന്നു. ഈ മാസം 26ന് നടക്കാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുകളെ അസ്വാരസ്യങ്ങൾ ബാധിക്കുമെന്നാണ് സൂചന.
വ്യാഴാഴ്ച ചേരുന്ന ഗ്രാമപഞ്ചായത്ത് ബോർഡ് യോഗത്തിൽ ഹോമിയോ ഡിസ്പെൻസറി പ്രത്യേക അജണ്ടയായി നിശ്ചയിച്ചിട്ടുണ്ട്.
2020ൽ ആരംഭിച്ച ആശുപത്രി ഇപ്പോൾ ചോക്കാട് ടൗണിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. മമ്പാട്ടുമൂലയിലാണ് ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി മമ്പാട്ടുമൂല പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ സർക്കാർ ഹോമിയോ ഡിസ്പെൻസറിക്ക് വേണ്ടി എന്ന് പ്രത്യേകം ആധാരത്തിൽ രേഖപ്പെടുത്തി ഏഴ് സെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറിയിരുന്നു.
ചോക്കാട് ടൗണിൽനിന്ന് ആശുപത്രി കെട്ടിടം മാറ്റാൻ അനുവദിക്കുന്നില്ലെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മമ്പാട്ടുമൂലയിൽ കെട്ടിടം നിർമിക്കണമെന്നാണ് മറു വിഭാഗത്തിന്റെ ആവശ്യം. മമ്പാട്ടുമൂലയിൽ ഡിസ്പെൻസറി തുടങ്ങുമെന്ന് ഉറപ്പുനൽകിയില്ലെങ്കിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ഒരുവിഭാഗം അംഗങ്ങൾ ഒരുങ്ങുന്നതായാണ് വിവരം.
അതേസമയം ചോക്കാട് നിന്ന് ഡിസ്പെൻസറി മാറ്റാൻ അനുവദിക്കില്ലെന്ന നിലപാടിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറം ചില പഞ്ചായത്ത് അംഗങ്ങൾ ഉറച്ചുനിൽക്കുന്നുണ്ട്. വിഷയം മൂന്ന് വർഷത്തിലേറെയായെങ്കിലും പ്രശ്നം പരിഹരിക്കാത്തതാണ് ഇപ്പോൾ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വിലപേശലിലേക്ക് എത്തിച്ചത്. സ്ഥലവും കെട്ടിടം നിർമിക്കാൻ ഫണ്ട് തരാമെന്ന് എം.എൽ.എ പറഞ്ഞിട്ടും അതിന് നടപടി എടുക്കാത്തതിനെതിരെ കലക്ടർക്ക് മമ്പാട്ടുമൂലക്കാർ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.