കാളികാവ്: ചോക്കാട് ഗവ. ഹോമിയോ ആശുപത്രി മമ്പാട്ടുമൂലയിൽ സ്ഥാപിക്കണമെന്ന് ആവശ്യം ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടുകൂടി തള്ളി. സി.പി.എമ്മിലെ ആറ് അംഗങ്ങളും യു.ഡി.എഫിൽ നിലവിലെ പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. സിറാജുദ്ദീനും മുൻ പ്രസിഡന്റ് ടി. രാമനും ആശുപത്രി ചോക്കാട്ട് നിലനിർത്തണമെന്ന തീരുമാനത്തിനൊപ്പം നിന്നു.
ഇതോടെ ഒമ്പതിനെതിരെ പത്ത് വോട്ടുകൾക്ക് ഹോമിയോ ആശുപത്രി ചോക്കാട്ട് തന്നെ നിലനിർത്തണമെന്ന് ഭരണസമിതി യോഗത്തിൽ തീരുമാനമായി. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീന്റെ കാസ്റ്റിങ് വോട്ടോടെ പത്ത് വോട്ടിന് ഹോമിയോ ഡിസ്പെൻസറി ചോക്കാട് തന്നെ നിലനിർത്തണമെന്ന് പഞ്ചായത്ത് ഭരണസമിതിയിൽ ഭൂരിപക്ഷ തീരുമാനമുണ്ടായി. യു.ഡി.എഫിലെ മറ്റു ഒമ്പത് അംഗങ്ങൾ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തതോടെ വിഷയത്തിൽ യു.ഡി.എഫിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്.
മമ്പാട്ടുമൂല ഏരിയ പ്രവാസി കൂട്ടായ്മ ചോക്കാട് ഗ്രാമപഞ്ചായത്തിന് ഗവ. ഹോമിയോ ആശുപത്രി സ്ഥാപിക്കാൻ രണ്ട് വർഷം മുമ്പ് സ്ഥലം രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. എന്നാൽ, യു.ഡി.എഫിലെ ഭിന്നത കാരണം തീരുമാനം നടപ്പാക്കാൻ സാധിച്ചില്ല. ചോക്കാട് തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നിരുന്നു. എന്നാൽ, സ്ഥലം നൽകിയില്ല എന്ന കാരണം പറഞ്ഞ് സ്ഥലം ലഭ്യമായ മമ്പാട്ടുമൂലയിലേക്ക് മാറ്റാൻ യു.ഡി.എഫ് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമായി യു.ഡി.എഫിലെ ചില അംഗങ്ങൾ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചോക്കാട്ട് തന്നെ നിലനിർത്തണമെന്ന് സി.പി.എമ്മിലെ ആറു അംഗങ്ങളും യു.ഡി.എഫിലെ രണ്ട് അംഗങ്ങളും ഒരു എസ്.ഡി.പി.ഐ അംഗവും ആവശ്യപ്പെട്ടു. യു.ഡി.എഫിലെ മറ്റു ഒമ്പത് അംഗങ്ങൾ തീരുമാനത്തിനെതിരെയും നിലനിന്നു. ഇതോടെ പ്രസിഡൻറ് മുസ്ലിം ലീഗ് അംഗം ഇ.പി. സിറാജുദ്ദീൻ കാസ്റ്റിങ് വോട്ട് ചെയ്യുകയായിരുന്നു. മമ്പാട്ടുമൂല ഏരിയ പ്രവാസി കൂട്ടായ്മക്ക് വേണ്ടി ഹൈകോടതിയെ സമീപിച്ച കുന്നുമ്മൽ അക്ബറലി, കൊരമ്പ റിയാസ് എന്നിവരുടെ ആവശ്യത്തിന് വിരുദ്ധമായാണ് പഞ്ചായത്ത് ഭരണസമിതി ഭൂരിപക്ഷ തീരുമാനം എടുത്തത്. പഞ്ചായത്ത് അംഗങ്ങൾക്ക് യു.ഡി.എഫ് വിപ്പ് ഒന്നും നൽകിയിരുന്നില്ലെന്നും നാട്ടുകാരുടെയും വാർഡ് യു.ഡി.എഫ് അംഗങ്ങളുടെയും തീരുമാനത്തിനൊപ്പമാണ് നിന്നതെന്നും മുൻ പ്രസിഡന്റ് കൂടിയായ കോൺഗ്രസിലെ ടി. രാമൻ പറഞ്ഞു. ഹോമിയോ ആശുപത്രി സംബന്ധമായ ചർച്ചക്കിടെ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച പൊലീസ് കാവലിലാണ് ചോക്കാട് പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.