കാളികാവ് ജങ്ഷൻ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അഴുക്കുചാൽ നിർമിക്കാൻ കീറിയപ്പോൾ
കാളികാവ്: മലയോരപാത നിർമാണത്തിന്റെ ഭാഗമായി ജങ്ഷന് സമീപത്തെ കലുങ്കുകളുടെ നിർമാണം ഇഴഞ്ഞ് നീങ്ങുന്നു. നിലമ്പൂർ റോഡിൽ മങ്കുണ്ടിൽ നാല് മാസമായിട്ടും കലുങ്ക് നിർമാണം പൂർത്തിയായില്ല. അതിനിടെ കരുവാരകുണ്ട് റോഡിൽ നിന്നും ചെത്തുകടവ് പാലത്തിലേക്ക് തിരിയുന്ന ഭാഗത്ത് അഴുക്കുചാലിനായി റോഡ് കീറിയതോടെ അങ്ങാടി ഭാഗത്തേക്കുള്ള ഗതാഗതവും ദുരിതമായി. ജങ്ഷൻ ബസ് സ്റ്റാൻഡ് റോഡും ഡ്രൈനേജിനായി കീറിയതും ഇതേ സമയത്താണ്.
ഇതോടെ കാളികാവിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. എങ്ങും പൊടിയും കിടങ്ങും കുഴികളുമാണ്. മലയോര പാത നിർമാണ ഭാഗമായി കാളികാവ് ഗതാഗതക്കുരുക്കിൽ വീർപ്പു മുട്ടാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതിനാൽ ഒന്നാം ഘട്ട ടാറിങ് കഴിഞ്ഞയുടൻ ജലവിതരണ പൈപ്പിടാനായി പാതയോരം കീറലും നടക്കുന്നു.
ജലജീവൻ മിഷന്റെ പൈപ്പിടലും മറ്റ് പല തടസ്സങ്ങളും കാരണമാണ് കലുങ്കുകളുടെ നിർമാണം ഉൾപ്പടെ പ്രതിസന്ധിയിലാകാൻ കാരണമെന്ന് കരാർ കമ്പനി പറയുന്നത്. എന്നാൽ കോൺക്രീറ്റ്, ഉൾപ്പടെയുള്ള പ്രവൃത്തികൾ ചെയ്യുന്നതിന് ജോലിക്കാരുടെ കുറവുള്ളത് കൊണ്ടാണ് ജോലികൾ ഇഴഞ്ഞ് നീങ്ങാൻ കാരണമായി പറയുന്നത്.
കലുങ്ക് നിർമാണം വേഗത്തിലാക്കി ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജൂൺ ആദ്യത്തിൽ വിദ്യാലയങ്ങൾ തുറക്കും. വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.