പരപ്പനങ്ങാടി: ഏറെകാലത്തെ വറുതിക്കിടയിൽ തീരത്ത് പ്രത്യാശയുടെ തിരനാളം. പ്രതികൂല കാലാവസ്ഥയിൽ ഇളകിമറിഞ്ഞ കടലമ്മ, കടലിന്റെ മക്കളുടെ മനം കുളിർപ്പിച്ചുതുടങ്ങി. പരപ്പനങ്ങാടിയിലും താനൂർ ഹാർബറുകളിലുമായി രണ്ടുദിവസം തുടർച്ചയായി ചില വള്ളങ്ങൾക്ക് ലഭ്യമായ ലക്ഷങ്ങളുടെ ചെമ്മീൻ, മെത്തൽ ചാകര തീരത്ത് ആഹ്ലാദാരവങ്ങൾ തീർത്തു. കടലോരം ഉണർന്നതോടെ മാർക്കറ്റിലും കച്ചവട ഉണർവ് ദൃശ്യമായി.
ചെമ്മീൻ കയറ്റുമതി മാർക്കറ്റിലേക്കും ആഭ്യന്തര ചില്ലറ വിൽപന മാർക്കറ്റിലേക്കും ഒഴുക്കുതുടങ്ങി. ബോട്ടുകൾ പാടെ ട്രോളിങ് നിരോധനം വഴി തൊഴിലറ്റുകിടക്കുകയും ഈ കാലയളവിൽ മത്സ്യബന്ധനം അനുവദിക്കപ്പെട്ട ചെറുവള്ളങ്ങളും പരമ്പരാഗത ചുണ്ടൻവള്ളങ്ങളും പ്രതികൂല കാലാവസ്ഥയെ തുടർന്ന് കടലിലിറങ്ങാനാവാതെ ദുരിതക്കര പറ്റുകയും ചെയ്യുന്നതിനിടയിലാണ് ചാകരയുടെ ചാറൽ സമ്മാനിച്ചത്.
കടൽ നേരിയ ശാന്തത പ്രാപിച്ചതോടെ കനിവുതേടി കടലിലിറങ്ങിയ വള്ളങ്ങൾ ചിലതെങ്കിലും നിറഞ്ഞ വലകളിൽ ലക്ഷങ്ങളുടെ മീൻ കോളുമായാണ് തീരമണഞത്. മെത്തലും ചെമ്മീനുമിറങ്ങിയ വിവരമറിഞ്ഞ് നേരത്തെ ഹാർബറുകളിൽ ദിവസങ്ങളായി നങ്കുരമിട്ട വള്ളങ്ങളെല്ലാം കടലിലിറങ്ങി. ചില വള്ളങ്ങൾ കാലിയായ വലകളുമായി നിരാശരായി മടങ്ങിയെങ്കിലും ഒട്ടുമിക്കവള്ളങ്ങൾക്കും ഇന്ധനചെലവും തൊഴിൽകൂലിയും ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള രണ്ടുമാസങ്ങൾ പ്രതീക്ഷയുടെതാണന്നും പരമ്പരാഗത മത്സ്യത്തൊഴിലാളി കെ.പി. അബ്ദുല്ലകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.