പൊറ്റിലത്തറയിലെ തിരൂർ നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ വൻ തീപിടിത്തം
തിരൂർ: തിരൂർ പൊലീസ് ലൈനിന് സമീപത്തെ പൊറ്റിലത്തറയിലെ നഗരസഭ മാലിന്യ സംസ്കരണ പ്ലാന്റിൽ വൻ തീപിടിത്തം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വൻ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തിരൂർ, മലപ്പുറം, പൊന്നാനി, താനൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ അണക്കാനായി മണിക്കൂറുകളോളം തുടരുന്ന ദൗത്യം രാത്രി വൈകിയും തുടരുകയാണ്.
സമീപവാസികളാണ് വലിയതോതിൽ പുകയുയരുന്നത് കണ്ടത്. തുടർന്ന് പൊലീസിലും തിരൂർ ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് അടക്കമുള്ള വൻതോതിലുള്ള മാലിന്യം കത്തിയത് എങ്ങിനെയെന്ന് വ്യക്തമല്ല. വർഷങ്ങൾക്ക് മുമ്പ് പൊറ്റിലത്തറയിൽ സമാനമായ രീതിയിൽ കൂട്ടിയിട്ടിരുന്ന മാലിന്യം തീപിടിച്ചിരുന്നു.
ദിവസങ്ങളോളം നിന്ന് കത്തിയതിനെ തുടർന്നാണ് നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ച് സംസ്കരണ പ്ലാന്റ് സ്ഥാപിച്ചത്. ഒന്നര മാസമായിട്ടും മാലിന്യം സംസ്കരിക്കാതെ കൂട്ടിയിട്ടത് അധികൃതരുടെ നിസംഗത മൂലമാണെന്ന് ആക്ഷേപമുണ്ട്. വലിയ തോതിൽ പുകയുയരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് സമീപവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.