എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണിക്കായി 22 ദിവസത്തേക്ക് അടച്ചു

എടവണ്ണ: പ്രളയത്തില്‍ തകര്‍ന്ന എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചു. ഇനി മുതല്‍ കാല്‍നടയാത്ര മാത്രമാണ് പാലത്തിലൂടെ അനുവദിക്കുക. 2019ലെ പ്രളയത്തിലാണ് എടവണ്ണ സീതിഹാജി പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. അതിശക്തമായ മഴവെള്ളപ്പാച്ചിലിൽ മരത്തടികള്‍ ഒഴുകിയെത്തി പാലത്തിന്റെ കൈവരികളടക്കം തകര്‍ന്നിരുന്നു. നേരത്തെ അറ്റകുറ്റപ്പണികള്‍ക്കായി പാലം അടച്ചിട്ട് പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാൽ, നിര്‍മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കെയാണ് പാലത്തിന്റെ സ്ലാബുകള്‍ തെന്നി മാറിയതായി കണ്ടെത്തിയത്. തുടർന്ന് പാലത്തിന്റെ തൂണിനും ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയതോടെ ഈ പ്രവൃത്തികൾ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

പിന്നീട് വിഷയം പി.കെ. ബഷീര്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിക്കുകയും ഇതേ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സംഭവത്തിൽ ഇടപെട്ട് വിദഗ്ധ പരിശോധനക്ക് നിർദേശം നൽകുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും കേരള ഹൈവേ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേർന്ന് കഴിഞ്ഞ മാസം പാലം അടച്ചിട്ട് വിദഗ്ധ പരിശോധന നടത്തിയത്. പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടായിട്ടില്ലെന്ന് പരിശോധന റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് പ്രവൃത്തി പുനരാരംഭിക്കുന്നത്. 70 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇതിന്റെ ഭാഗമായി 25 ദിവസം പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്.

സ്ലാബുകള്‍ പുനഃസ്ഥാപിക്കുന്ന സമയത്ത് കാല്‍നട യാത്രയും അനുവദിക്കില്ല. നിലമ്പൂര്‍ ഭാഗത്ത് നിന്ന് ഒതായി അരീക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയും, എടവണ്ണയില്‍ നിന്നും ഒതായി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എടവണ്ണ പന്നിപ്പാറ അരീക്കോട് വഴിയും പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Edavanna Sitihaji bridge for repairs Closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.