എടവണ്ണ: നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടം എടവണ്ണ. ഏറനാടിന്റ എടമണ്ണായ എടവണ്ണ ഗ്രാമപഞ്ചായത്തിൽ നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന എൽ.ഡി.എഫ്, ഭരണം നിലനിർത്താനും നീണ്ട കാലയളവിനുശേഷം 2020ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫിന് താഴെ ഇറക്കി യു.ഡി.എഫ് ഭരണം പുനഃസ്ഥാപിക്കാനുമാണ് എടവണ്ണയിലെ പോരാട്ടം. 1963ൽ മുസ്‍ലിം ലീഗും എൽ.ഡി.എഫും ഒരുമിച്ച് മത്സരിച്ച് ലീഗിന്റെ തന്നെ പി.വി. അലവിക്കുട്ടിയായിരുന്നു ഗ്രാമപഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ്.
16 വർഷത്തോളം നീണ്ടുനിന്ന ഈ ഭരണം 1979ൽ ലീഗ് ഒറ്റക്കും മറ്റുള്ളവരെല്ലാം ചേർന്ന ആന മുന്നണിയുമായി മത്സരിച്ച കോൺഗ്രസിന്റെ ഇ. ജമാൽ മുഹമ്മദ് പ്രസിഡന്റ് ആയി. തുടർന്ന് പി. സിതി ഹാജി, പി.കെ. ബഷീർ തുടങ്ങിയവർക്കുശേഷം, 1985ൽ എൽ.ഡി.എഫിന്റെ ഭാസ്കരനും നിലവിലുള്ള ബോർഡിലെ ടി. അഭിലാഷും ആണ് എൽ.ഡി.എഫിന്റെ പ്രസിഡന്റുമാർ.പുതുക്കിയ ലിസ്റ്റ് പ്രകാരം 41091 വോട്ടർമാരുള്ള 24 വാർഡുകളാണ് എടവണ്ണയിൽ ഉള്ളത് ഇതിൽ 12 വാർഡിൽ കോൺഗ്രസും 12 വാർഡിൽ മുസ്‍ലിം ലീഗും ഐക്യത്തോടെ മത്സരിക്കുന്നു.
എന്നാൽ, ഒരുപടി കൂടെ കടന്ന് എൽ.ഡി.എഫ് 17 വാർഡുകളിൽ പാർട്ടി ചിഹ്നത്തിന് പകരം സ്വതന്ത്രരെ ഇറക്കിക്കൊണ്ടാണ് എതിരിടുന്നത്.
സി.പി.ഐയുടെ ഒരു സീറ്റ് ഉൾപ്പെടെ ആറു വാർഡിലാണ് പാർട്ടി ചിഹ്നത്തിൽ ഉള്ള മത്സരം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിത സംവരണമാണ്. നിലവിലുള്ള വൈസ് പ്രസിഡന്റ് നുസ്രത് വലീദ് വാർഡ് 12ൽ ജനറൽ സീറ്റിൽ മത്സരിച്ച് കരുത്ത് തെളിക്കാൻ ശ്രമിക്കുന്നു.
എതിരാളിയായ മുസ്‌ലിം ലീഗിന്റെ അബൂബക്കർ വളപ്പിൽ, (അബുട്ടി )അപരനായ അബൂബക്കർ വയലിൽ (അബു)നെയും നേരിടേണ്ടി വരുന്നു. ഏറ്റവും കൂടുതൽ യു.ഡി. എഫ് വോട്ടുകൾ ചേർക്കാൻ സാധിച്ചതിനാൽ എന്തായാലും ഭരണം തിരിച്ചു പിടിക്കു മെന്നാണ് ഏറനാട് മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അഹമ്മദ് കുട്ടി മദനി പ്രതീക്ഷിക്കുന്നത്.
വികസനപ്രവർത്തനങ്ങളും അടിസ്ഥാനസൗകര്യവർധനവും ഇടത്തട്ടുകരില്ലാത്ത പഞ്ചായത്ത് സംവിധനങ്ങളും ഭരണത്തുടർച്ചക്ക് കാരണമായി തീരുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് പറയുന്നു.
എൻ.ഡി.എ 14 വാർഡുകളിലും എസ്.ഡി.പി.ഐ മൂന്നു വാർഡുകളിലും വെൽഫയർ സ്വാതന്ത്രർ രണ്ട് വാർഡുകളിലും എടവണ്ണയിൽ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.