മലപ്പുറം: നിലമ്പൂർ ജില്ല ആശുപത്രി മോഡുലാർ തിയറ്റർ നവീകരണപ്രവൃത്തിയിൽ വൻ ക്രമക്കേടെന്ന് 2023-24ലെ ജില്ല പഞ്ചായത്ത് വാർഷിക ഓഡിറ്റ് റിപ്പോർട്ട്. ആശുപത്രി സൂപ്രണ്ട് നിർവഹണ ഉദ്യോഗസ്ഥനായി, അക്രഡിറ്റഡ് ഏജൻസിയായ കെൽ (കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് ലിമിറ്റഡ്) മുഖേന നിർവഹണം നടത്തിയ ജില്ല പഞ്ചായത്തിന്റെ രണ്ടു പദ്ധതികളിലാണ് അപാകത കണ്ടെത്തിയത്.
അക്രഡിറ്റഡ് ഏജൻസിയെ തിരഞ്ഞെടുത്തതിന്റെ ടെൻഡർ രേഖ, എത്ര ശതമാനം സെന്റേജ് നൽകി തുടങ്ങിയ വിവരങ്ങൾ പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സിവിൽ പ്രവൃത്തികൾ പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസി (പി.എം.സി) അടിസ്ഥാനത്തിൽ നിർവഹിക്കാനാണ് കെല്ലിന് അക്രഡിറ്റേഷനുള്ളത്.
ഓപറേഷൻ തിയറ്റർ സജ്ജീകരിക്കുക എന്നത് സിവിൽ പ്രവൃത്തിയിൽ ഉൾപ്പെടുന്നതല്ല. അക്രഡിറ്റേഷൻ ഇല്ലാത്ത മേഖലയിൽ കെല്ലിനെ പ്രവൃത്തി ഏൽപിച്ചതിന് കാരണം വിശദീകരിക്കണം. ബഹുവർഷ പദ്ധതികളായി വിഭാവനം ചെയ്ത ഈ പ്രവൃത്തിക്കായി 2023-24ൽ രണ്ടുതവണയായി 27,18,102 രൂപ കോഴിക്കോട്ടെ സ്പ്രിങ് ഫീൽഡ് ഡെവലപ്പേഴ്സിന് നൽകിയിട്ടുണ്ട്. എന്നാൽ, മേൽ സ്ഥാപനത്തെ പ്രവൃത്തി ഏൽപിച്ചത് സംബന്ധിച്ച ടെൻഡർ രേഖ പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല. ര
ണ്ട് ഇൻവോയ്സുകളിലായി 2.5 ശതമനം റീടെൻഷൻ, നികുതികൾ തുടങ്ങിയവ കുറവ് ചെയ്താണ് സ്പ്രിങ് ഫീൽഡ് ഡെവലപ്പേഴ്സിന് തുക നൽകിയത്. മരാമത്ത് പ്രവൃത്തികളുടെ ബിൽ തുക നൽകേണ്ടത് അളവ് പുസ്തകത്തിൽ രേഖപ്പെടുത്തിയ തുക അനുസരിച്ചാണ് എന്നിരിക്കെ ഇൻവോയ്സ് പ്രകാരം തുക നൽകിയതിന് വിശദീകരണം നൽകണം. പ്രവൃത്തി ഏതു തീയതികളിലാണ് നിർവഹിച്ചത് എന്ന വിവരം രേഖപ്പെടുത്തിയിട്ടില്ല. അളവ് പുസ്തകത്തിലെ രേഖപ്പെടുത്തൽ പ്രകാരം തയാറാക്കിയ ബിൽ കോപ്പിയും പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല. പ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ പല ഇനങ്ങൾക്കും ഒബ്സർവ്ഡ് ഡേറ്റയാണ് ഉൾപ്പെടുത്തിയത്. ഇതിന്റെ വിശദാംശം പരിശോധനക്ക് ഹാജരാക്കണം. പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവുരേഖകളും ഹാജരാക്കാത്തതിനാൽ പദ്ധതിക്ക് വിനിയോഗിച്ച 27,18,102 രൂപ തടസ്സം ചെയ്യുന്നതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം: വളവന്നൂരിലെ ജില്ല ആയുർവേദ ആശുപത്രിയിലെ ഫണ്ട് വിനിയോഗത്തിൽ അപാകതയെന്ന് 2023-24 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട്. ചീഫ് മെഡിക്കൽ ഓഫിസർ നിർവഹണോദ്യോഗസ്ഥനായി മെയ്ന്റനൻസ് ഗ്രാന്റിനത്തിൽ (നോൺ റോഡ്) 15 ലക്ഷം രൂപ ചെലവഴിച്ചതിലാണ് വീഴ്ച കണ്ടെത്തിയത്. പർച്ചേസ് ഇൻവോയ്സുകളിൽ സ്റ്റോക്ക് എൻട്രി നടത്തി സാക്ഷ്യപ്പെടുത്തിയിട്ടില്ല. ജനറേറ്ററിൽ പ്രവർത്തിപ്പിക്കാനായി വാങ്ങിയ 100 ലിറ്റർ ഡീസൽ ലോഗ് ബുക്കിൽ ചേർത്തിട്ടില്ല. ഡീസൽ വാങ്ങാൻ ആകെ 9718 രൂപ ചെലവഴിച്ചിട്ടുണ്ട്. 2022 ജൂലൈ 23നുശേഷം ലോഗ് ബുക്കിൽ വരുത്തിയ രേഖപ്പെടുത്തൽ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തിയിട്ടില്ല. വൗച്ചറുകളിൽ വൈദ്യുതി, ടെലിഫോൺ എന്നിവയുടെ ഡിമാൻഡ് നോട്ടീസ് സൂക്ഷിക്കുന്നില്ല. ഡെബിറ്റ് കാർഡ്/ഗൂഗ്ൾ പേവഴി ബിൽ അടച്ചതിന്റെ രസീത് മാത്രമാണ് കാണിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
രജിസ്റ്ററിൽ 2022 സെപ്റ്റംബർ19 വരെ മാത്രമേ ഒ.പി ടിക്കറ്റ് ബുക്ക് ഇഷ്യൂ ചെയ്തതായി കാണുന്നുള്ളൂ. എന്നാൽ, ഈ തീയതിക്കുശേഷവും പ്രിന്റിങ് സ്ഥാപനത്തിൽനിന്ന് അച്ചടിച്ച ഒ.പി ടിക്കറ്റ് ബുക്ക് വാങ്ങുന്നതിന് തുക ചെലവഴിച്ചിട്ടുണ്ട്. ഓൺലൈനായി ഒ.പി ടിക്കറ്റ് നൽകാൻ തുടങ്ങിയതിനുശേഷവും മാന്വൽ ഒ.പി ടിക്കറ്റ് ബുക്ക് വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ സാഹചര്യം വ്യക്തമാക്കണം.
ട്രഷറി ബില്ലിന്റെ കൂടെ മെഡിക്കൽ ഓഫിസറുടെ പ്രൊഡീസിങ്സ് വെക്കുന്നതായി കാണുന്നില്ല. മിക്ക വൗച്ചറുകളും പരിശോധിച്ചാൽ ഏത് ഇനത്തിനാണ് തുക ചെലവാക്കിയതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. രസീത് ബുക്കിന്റെ സ്റ്റോക്ക് രജിസ്റ്ററിൽ കൈപ്പറ്റിയ ആൾ ഇനീഷ്യൽ ചെയ്യുകയോ മെഡിക്കൽ ഓഫിസർ സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. വാർഷിക സ്റ്റോക്ക് വെരിഫിക്കേഷൻ നടത്തുന്നില്ല.
കോസ്മറ്റോളജി ലാബിലേക്ക് സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ ഫയലിൽ ഉള്ളടക്കം ചെയ്തിട്ടില്ല. വാങ്ങിച്ച സാധനങ്ങളുടെ അളവ്/ഭാരം എന്നിവ രേഖപ്പെടുത്താതെ ഓരോ ഇനങ്ങളുടെയും പേര് എഴുതി അതിനു നേരെ തുകയും രേഖപ്പെടുത്തിയ ഒരു പേപ്പർ മാത്രമാണ് പരിശോധനക്ക് ലഭ്യമാക്കിയത്. വാങ്ങിയ സാധനങ്ങൾ സ്റ്റോക്കിലെടുത്ത് ഇഷ്യൂ ചെയ്തതിന്റെ വിവരം പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല.
ആശുപത്രിയിലെ ബയോമെഡിക്കൽ മാലിന്യം നീക്കാൻ ഐ.എം.എക്കു കീഴിലുള്ള ഇമേജ് എന്ന സ്ഥാപനത്തിന് തുക നൽകിയിട്ടുണ്ട്. ഈ തുക ഗൂഗ്ൾ പേ മുഖേന അടച്ചതിന്റെ സ്ലിപ് മാത്രമാണ് ഫയലിൽ ഉള്ളടക്കം ചെയ്തത്. ഇമേജിന് നൽകിയ ഡിമാൻഡ് നോട്ടീസ്, തുകയുടെ രസീത് എന്നിവ പരിശോധനക്ക് ലഭ്യമാക്കിയിട്ടില്ല.
വീഴ്ചകൾക്ക് വിശദീകരണം നൽകാനാവശ്യപ്പെട്ട് 2024 ഒക്ടോബർ 16ന് നൽകിയ ഓഡിറ്റ് എൻക്വയറിക്ക് അപാകത പരിഹരിച്ചിട്ടുണ്ട്/ആവർത്തിക്കുന്നതല്ല എന്നിങ്ങനെ മറുപടി ലഭ്യമാക്കിയെങ്കിലും ആവശ്യമായ രേഖ ഉള്ളടക്കം ചെയ്തിട്ടില്ല. ആയതിനാൽ മറുപടി പ്രാദേശികമായി പരിശോധിക്കും. അനധികൃതമായി വിനിയോഗിച്ച 12,768 രൂപയുടെ ചെലവ് തടസ്സം ചെയ്യുന്നതായും ഓഡിറ്റ് റിപ്പോർട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.