കോലത്തുപാടം കോൾപടവിൽ നടക്കുന്ന കൊയ്ത്ത്
ചങ്ങരംകുളം: മേഖലയിലെ ഏറ്റവും വലിയ കോൾപടവായ കോലത്തുപാടത്ത് വേനൽ മഴയിൽ എന്നും കണ്ണീർ കൊയ്ത്ത്. ഇനിയും വേനൽ മഴ തുടരുമെന്നതിനാൽ കോലത്തുപാടം കോൾപടവിൽ ഏറെ ഭീതിയോടെയാണ് കൊയ്ത്ത് തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പാടം ഏറെ നനഞ്ഞതിനാൽ യന്ത്രം ചളിയിൽ താഴുമെന്ന ഭീതിയും നിലനിൽക്കുന്നു.
മൂന്ന് പഞ്ചായത്തുകളിൽ എഴുനൂറ് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കോലത്തുപാടത്ത് കർഷകർക്ക് എന്നും കണ്ണീർകൊയ്ത്താണ്. നേരത്തെ കൃഷിയിറക്കാത്തതും പമ്പിങ് നടത്താത്തതുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ പറയുന്നു. മറ്റു കോൾപടവുകളിൽ നേരത്തെ കൃഷിയിറക്കിയതിനാൽ നേരത്തെ കൊയ്ത്ത് പൂർത്തീകരിക്കാൻ കഴിഞ്ഞു.
ഏറ്റവും വലിയ ഈ പടവിൽ കാര്യക്ഷമമായ രീതിയിൽ പമ്പിങ്ങ് ആരംഭിക്കുകയും പ്രാരംഭ പ്രവർത്തികൾ നേരത്തെ പൂർത്തീകരിക്കുകയും ചെയ്താൽ ഈ ദുരവസ്ഥയിൽ നിന്നും മറികടക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു. കർഷക സമിതി സമയബന്ധിതമായി പ്രാരഭ പ്രവർത്തികൾ നടത്തുന്നില്ലന്നും ഇതിന്റെ ദുരിതം പേറുന്നത് കർഷകരാണ്. വരും വർഷങ്ങളിൽ പ്രവർത്തികൾ നേരത്തെ തുടങ്ങുന്ന പക്ഷം നേരത്തെ കൃഷിയിറക്കിയാൽ കർഷകർക്ക് ഏറെ സഹായകമാവും.
ഇപ്പോൾ മഴയിൽ കൊയ്ത്തു നടത്തുന്നതിനാൽ വൈക്കോൽ നനഞ്ഞ് നഷ്ടങ്ങൾ ഇരട്ടിയാവുകയാണ്. പാടം നനഞ്ഞതിനാൽ കൊയ്ത നെല്ല് കൊണ്ടുപോകാൻ ട്രാക്ടർ ഇറക്കാൻ കഴിയാത്തതിനാൽ കൊയ്ത നെല്ല് റോഡിലേക്ക് എത്തിക്കാൻ കർഷകർ ഏറെ പ്രയാസപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.