കാഴ്ചകൾ ബഹുകേമം; അതിശയിപ്പിച്ച്​ അനുജാത്​

തൃശൂർ: കാണുന്നതെന്തും വരക്കുന്ന ശീലമാണ്​ അനുജാതിന്​. അതിനാലാണ്​ വീട്ടിലെ പൂച്ചയും അയൽവക്കത്തെ ഗർഭിണിയായ പട്ടിയും ആടുമെല്ലാം വരകളിൽ നിറഞ്ഞത്​. 'മാർക്കർ' കൊണ്ട്​ അതിർവരകൾ കൊണ്ട്​ മാത്രം തീർക്കുന്ന ചിത്രങ്ങൾക്ക്​ പൂർണതയേറെയുണ്ട്​. വെറും കുത്തുവരകളായി തോന്നാത്തത്​ അതിനാലാണ്​. ആ വെറും വരകളിൽനിന്ന്​ ലോക ശ്രദ്ധ പിടിച്ചുപറ്റിയ 'എന്‍റെ അമ്മയും അയൽപക്കത്തെ അമ്മമാരും' കേരള ബജറ്റിൽ ഇടംപിടിച്ച ചിത്രത്തിലേക്കുള്ള സഞ്ചാരം അത്ര ദൈർഘ്യമേറിയതൊന്നുമല്ല. അനുജാത്​ എന്ന പതിനൊന്നാം ക്ലാസുകാരന്‍റെ വരയുടെ പ്രയാണവും സ്വഭാവവും സന്ദേശവുമായിരുന്നു ശനിയാഴ്ച തൃശൂർ ലളിതകല അക്കാദമി ആർട്ട്​​ ഗാലറിയിൽ തുടങ്ങിയ 'എനിക്കു ചുറ്റും എന്തെന്തു കാഴ്ചകൾ!' ചിത്ര പ്രദർശനം. ഗ്യാസ്​ വീട്ടിലെത്തുന്നയാൾ, വഴിയരികി​ൽ ചായ വിൽക്കുന്നയാൾ, പഞ്ഞിമിഠായിക്കാരൻ, നേന്ത്രക്കുലയുമായി പോകുന്നയാൾ, ഫുട്​പാത്ത്​ കച്ചവടക്കാരൻ, കത്തി മൂർച്ച കൂട്ടുന്നയാൾ, പഴ വിൽപനക്കാരൻ, റേഷൻ കടക്ക്​ മുന്നിലെ വരി ഒന്നും നമുക്ക്​ പുതുമയുള്ളതല്ല, അതുതന്നെയാണ്​ അനുജാതിന്‍റെ ചിത്രങ്ങളെ താൽപര്യപ്പെടുത്തുന്ന ഘടകവും. എടുത്തുപറയേണ്ട രണ്ട്​ വഴിയോര ചിത്രങ്ങളുണ്ട്​ പ്രദർശനത്തിൽ. ഒന്ന്​ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസും തിരുവമ്പാടി ക്ഷേത്രത്തിന്​ സമീപത്തെ 'ഗണപതി വിലാസ്​ കഫേ'യും. രണ്ട്​ ഇടങ്ങളെ അടയാളപ്പെടുത്തുന്ന ഈ വഴിയോര ചിത്രങ്ങളിലെ സൂക്ഷ്മ വരകൾ ആരെയും അദ്​ഭുതപ്പെടുത്തും. 2014 മുതൽ വരച്ച ഏകദേശം എട്ടു വർഷക്കാലത്തെ വരകളിലെ തിരഞ്ഞെടുത്ത 70 ചിത്രങ്ങളുണ്ട് പ്രദർശനത്തിൽ. ചെറുപ്പം മുതലേ കണ്ട കാര്യങ്ങൾ വരക്കുന്ന ശീലമുണ്ടായിരുന്നു അനുജാതിന്​. ആർട്ടിസ്റ്റായ പിതാവ്​ വിനയ്​ലാൽ വരയുടെ ലോകത്തെ വികാസത്തിന്​ സഹായിച്ചിട്ടുണ്ട്​. പെയിന്‍റിങ്ങിൽ അക്രലിക്​ മാധ്യമമാണ്​ കൂടുതലും ഉപയോഗിക്കുന്നത്​. ഇപ്പോൾ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിലെ 11ാം ക്ലാസ്​ വിദ്യാർഥിയാണ്​ 2016ലെ രാഷ്ട്രപതി പുരസ്കാരം, ശ​ങ്കേഴ്​സ്​ രാജ്യാന്തര പുരസ്കാരം എന്നിവ നേടിയ അനുജാത്​ സിന്ധു വിനയ്​ലാൽ. ഈ മാസം 22 വരെ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ച്​ കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിക്കാനുള്ള 'ചി​ത്രോത്സവ'വും നടക്കുന്നുണ്ട്​. പടം: ജോൺസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.