കോൾമേഖലയിൽ ദുരിതം വിതച്ച്​ കണ്ണീർമഴ

ചങ്ങരംകുളം: ദിവസങ്ങളായി പെയ്യുന്ന വേനൽമഴയിൽ നെഞ്ചിടിപ്പോടെ കോൾമേഖലയിൽ ആയിരക്കണക്കിന് കർഷകർ. മലപ്പുറം-തൃശൂർ ജില്ലകളുടെ പ്രധാന നെല്ലറയായ മേഖലയിൽ നൂറുകണക്കിന് ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് മഴ നനഞ്ഞ്​ നാശത്തിന്‍റെ വക്കിലുള്ളത്. കൊയ്ത്തിന് ഇനിയും ദിവസങ്ങൾ കാത്തുനിൽക്കുന്നതിനാലും മഴ പെയ്ത് പാടത്ത് വെള്ളം നിറഞ്ഞതിനാലും കൊയ്ത്ത് നടത്താൻ കഴിയാത്ത അവസ്ഥയാണ്. മഴ പെയ്തതിനാൽ വിളവെത്തിയ നെൽച്ചെടികൾ വെള്ളം കുടിച്ച് ഏറെ നാശത്തിന് വഴിവെക്കുന്നു. മഴയിൽ വീണ നെല്ല്​ യന്ത്രത്തിൽ കൊയ്തെടുക്കുന്നതും അസാധ്യമാണ്. പല കോൾപടവുകളിലും കൊയ്ത്ത്​ യന്ത്രം ഇറക്കാനുള്ള ശ്രമം പരാജയപ്പെടുന്നതും കൊയ്തെടുത്ത നെല്ല് കൊണ്ടുപോകാനുള്ള ട്രാക്​ടറുകൾ ചളിയിൽ താഴ്ന്ന് തടസ്സം നേരിടുന്നതും ദുരിതം ഇരട്ടിയാക്കുന്നു. വെള്ളം വറ്റിച്ച് കൊയ്ത്തിനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. കൊയ്തെടുത്താൽ തന്നെ ഇവ ഉണക്കുകയും സംഭരിച്ചു വെക്കുകയും പ്രയാസകരമാണ്. തൊഴിലാളികളെ വെച്ച് കൊയ്തെടുക്കുമ്പോൾ യന്ത്രക്കൊയ്ത്തിനേക്കാൾ ഇരട്ടി പണം കർഷകർക്ക് ചെലവഴിക്കേണ്ടി വരും. ആയിരക്കണക്കിന് ഏക്കറിലെ വൈക്കോൽ മുഴുവൻ നനഞ്ഞതിനാൽ ഉപയോഗശൂന്യമാണ്. മഴ പെയ്ത് നനഞ്ഞ നെല്ല്​ വേണ്ടത്ര ഉണക്കം കിട്ടാത്ത പക്ഷം മുളപൊട്ടി നശിക്കാനും ഇടവരുന്നു. നനഞ്ഞ നെല്ല്​ വില കുറച്ചാണ് കച്ചവടക്കാർ വാങ്ങുന്നത്. സഹകരണ ബാങ്കുകളിൽ നിന്നും മറ്റും വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കർഷകർ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്​. മേഘാവൃതമായ അന്തരീക്ഷവും നിർത്താതെയുള്ള ചാറ്റൽ മഴയും കർഷകരുടെ നെഞ്ചിൽ കനൽ കോരിടുകയാണ്​. ഫോട്ടോ കോൾമേഖലയിൽ വിളവെത്താതെ മഴയിൽ വീണ നെൽപ്പാടങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.