പാലക്കാട്: ബൈക്ക് മോഷ്ടിച്ചെന്നാരോപിച്ച് പാലക്കാട് ഒലവക്കോട്ട് യുവാവിനെ മദ്യപസംഘം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് (27) മരിച്ചത്. പ്രതികളായ ആലത്തൂർ സ്വദേശി മനീഷ് (19), കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ (19), പല്ലശ്ശന സ്വദേശി സൂര്യ (19) എന്നിവരെ പാലക്കാട് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുണ്ടൂർ കുമ്മാട്ടി കാണാനെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറിൽ മദ്യപിക്കാൻ കയറി. പുറത്തിറങ്ങിയപ്പോൾ ഇവർ വന്ന ബൈക്ക് കാണാനുണ്ടായിരുന്നില്ല. തുടർന്ന് സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഒരാൾ ബൈക്ക് തള്ളി കൊണ്ടുപോകുന്നത് കണ്ടു. മോഷ്ടാവിനായുള്ള തെരച്ചിലിനിടെ ഇവർ ഒലവക്കോട്ട് റഫീഖിനെ കണ്ടു. തുടർന്ന് ഇവർ റഫീഖിനെ ചോദ്യം ചെയ്യുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. തുടർന്ന് റഫീഖ് ഒലവക്കോട് ഐശ്വര്യ നഗർ കോളനിക്ക് സമീപം ബൈക്ക് ഇരിക്കുന്ന സ്ഥലം കാണിച്ച് നൽകി. റഫീഖുമായി ഇവിടെയെത്തിയ പ്രതികൾ തുടർന്നും മർദിക്കുന്നതിനിടെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. റഫീക്ക് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. 2018ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണക്കേസിലെ പ്രതിയാണ്. ഇതേ വർഷം കഞ്ചാവ് കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ബാറിന് മുന്നില്‍ സംഘര്‍ഷം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയായ ബിനുവാണ് പൊലീസില്‍ വിവരമറിയിച്ചത്. റഫീക്ക് അടിയേറ്റ് വീഴുമ്പോൾ പതിനഞ്ചോളം പേർ സ്ഥലത്തുണ്ടായിരുന്നെന്നാണ് ദൃക്സാക്ഷി നൽകുന്ന വിവരം. ബാറില്‍ നിന്ന് 300 മീറ്റര്‍ അകലെയാണ് പ്രതികള്‍ റഫീഖിനെ മര്‍ദിച്ചത്. ബോധരഹിതനായതോടെ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികള്‍ പ്രതികളെ തടഞ്ഞുവെക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. റഫീഖിന്റെ മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. പാലക്കാട് ഡിവൈ.എസ്.പി പി.സി. ഹരിദാസ്, ടൗൺ നോർത്ത് ഇൻസ്‌പെക്ടർ ആർ. സുജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മരണകാരണം തലക്കേറ്റ ക്ഷതം റഫീഖിന്‍റെ മരണത്തിന് കാരണമായത് തലക്കേറ്റ ഗുരുതരപരിക്കെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിൽ ഗുരുതരമായ മുറിവുണ്ട്. താടിയെല്ല് പൊട്ടിയിരുന്നു. 26 മുറിവുകളാണ് ദേഹത്തുള്ളത്. സംഭവം ആൾക്കൂട്ട കൊലപാതകമല്ലെന്നും പ്രതികൾ യുവാവിനെ മർദിക്കുന്നത് കണ്ട നാട്ടുകാരാണ് ചുറ്റും കൂടിയവരെന്നും പ്രതികൾ മാത്രമാണ് മർദിച്ചതെന്നും പൊലീസ് പറഞ്ഞു. റഫീഖിനെ രാത്രി പത്തോടെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയെന്ന് സഹോദരന്‍ മൊഴി നൽകിയിട്ടുണ്ട്. സുഹൃത്തിനായി പൊലീസ് തെരച്ചിൽ നടത്തുന്നുണ്ട്. മർദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. pkg rafeeq റഫീഖ് pkg prathikal അറസ്റ്റിലായ പ്രതികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.