എടവണ്ണപ്പാറയിലെ നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാൻ നിർദേശം

എടവണ്ണപ്പാറ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മണ്ണിട്ട്​ നികത്തിയ മൂഴിക്കൽ തോടിനോട് ചേർന്ന വയൽ പൂർവസ്ഥിതിയിലാക്കാൻ സർക്കാർ നി​ർദേശം. എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡിലെ ഭൂമിയാണ് സ്വകാര്യ വ്യക്​തി മണ്ണിട്ട് നികത്തി കെട്ടിടം നിർമിച്ചത്. 2008ലെ തണ്ണീർതട നിയമമനുസരിച്ചാണ് നടപടി. എം.സി മാളിന് തൊട്ടടുത്ത നെൽവയലാണ് മണ്ണിട്ട് നികത്തി കെട്ടിടം നിർമിച്ചത്. സംഭവം വിവാദമായതോടെ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും നിർമാണം തുടരുകയായിരുന്നു. പരമ്പരാഗത നീർചാലുകളും വെള്ളക്കെട്ടും ഇല്ലാതാക്കിയായിരുന്നു ഭൂമി തരം മാറ്റൽ. കൊടും വേനലിൽ പോലും പ്രദേശത്തെ കിണറുകളിൽ കുടിവെള്ളം ഉറപ്പ് വരുത്തുന്ന ജലസ്രോതസ്സുകൾ ഇല്ലാതായതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും പ്രദേശവാസികൾ ജില്ല കലക്ടർക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. നീർച്ചാലുകൾ അടഞ്ഞതോടെ ചെറിയ മഴ പെയ്താൽ പോലും തോട്ടിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറൽ പതിവായിരുന്നു. എടവണ്ണപ്പാറ സ്വദേശിയും നെൽവയൽ സംരക്ഷണ സമിതി ഭാരവാഹിയുമായ എ. അമീറലി നൽകിയ പരാതിയിലാണ് നടപടി. തുടർനടപടി സംബന്ധിച്ച് റവന്യൂ അധികൃതർക്ക് സർക്കാർ നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നടപടി വേണമെന്നാണ്​ നിർദേശം. സമാന രീതിയിൽ വാഴക്കാട് ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വയൽ നികത്തുന്നതിനെതിരെ നിരന്തരം പരാതി ഉയർന്നിട്ടും റവന്യൂ, വില്ലേജ് ഉദ്യേഗസ്ഥർ അനങ്ങാപാറ നയം സ്വീകരിക്കുന്നതായി പരക്കെ പരാതിയുണ്ട്. me vayal nikathi എടവണ്ണപ്പാറയിൽ വയൽ നികത്തി നിർമിച്ച കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.