ആസ്തി വികസനത്തിന് ഊന്നൽ നൽകി തവനൂർ ഗ്രാമപഞ്ചായത്ത്‌ ബജറ്റ്

കുറ്റിപ്പുറം: പഞ്ചായത്തിലെ ആസ്തികളുടെ വികസനം, പരിപാലനം, ഗുണമേന്മ എന്നിവക്ക് ഊന്നൽ നൽകി തവനൂർ ഗ്രാമപഞ്ചായത്ത്‌ 2022 -23 വാർഷിക ബജറ്റ് അവതരിപ്പിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ടി.വി. ശിവദാസ് ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. നസീറ അധ്യക്ഷത വഹിച്ചു. 28 കോടി 41 ലക്ഷം രൂപ ചെലവും 48 ലക്ഷം രൂപ നീക്കിയിരിപ്പും വരുന്ന ജനകീയ ബജറ്റ് ആണ് അവതരിപ്പിച്ചത്. ആസ്തി വികസനത്തിനു പുറമെ പഞ്ചായത്തിലെ യുവതീയുവാക്കൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം, ദാരിദ്ര്യനിർമാർജനം, പശ്ചാത്തല മേഖലയുടെ വികസനം, സാമൂഹിക ക്ഷേമ പദ്ധതികൾ, പട്ടികജാതി വികസനം, വനിത വികസനം, ഉൽപാദന മേഖലയുടെ വികസനം, ആരോഗ്യ - വിദ്യാഭ്യാസ മേഖലയുടെ വികസനം, ശുചിത്വപ്രവർത്തങ്ങൾ, ജലസംരക്ഷണം, കുടിവെള്ള വിതരണം, അംഗൻവാടികൾ, സബ് സെന്ററുകൾ എന്നിവയുടെ നവീകരണം എന്നിവക്ക് പ്രത്യേകം തുക വകയിരുത്തി. തുടർന്ന് നടന്ന ബജറ്റ് ചർച്ചയിൽ വികസനകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ പി.എസ്. ധനലക്ഷ്മി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. വിമൽ, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ലിഷ, മെംബർമാരായ ബാലകൃഷ്ണൻ മേലേതിൽ, അബ്ദുല്ല അമ്മായത്ത് എന്നിവരും ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ടി. അബ്ദുൽ സലീം, അസിസ്റ്റന്റ് സെക്രട്ടറി ആർ. രാജേഷ് എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.