മലയോര ഹൈവേ: ചുങ്കത്തറയിൽ യോഗം ചേർന്നു

എടക്കര: സംസ്ഥാന സർക്കാറിന്‍റെ സ്വപ്ന പദ്ധതികളിലൊന്നായ മലയോര ഹൈവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ചുങ്കത്തറയിൽ യോഗം ചേർന്നു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ പി.വി. അൻവർ എം.എൽ.എയുടെ അധ്യക്ഷതയിലായിരുന്നു യോഗം. പൂക്കോട്ടുംപാടം മുതൽ മുണ്ടേരി ഫാം കവാടം വരെയാണ് ജില്ലയിൽ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നത്. ഇതിൽ ചുങ്കത്തറ, എടക്കര പഞ്ചായത്തുകളിൽനിന്നുള്ള ഏതാനും ഭൂവുടമകളിൽനിന്ന്​ സ്ഥലം വിട്ടുനൽകിയുള്ള അനുമതിപത്രം കൂടി ലഭിക്കേണ്ടതുണ്ട്. ഇത് ലഭിക്കാത്തതിനാൽ കാറ്റാടി മുതൽ ചാത്തംമുണ്ട വരെയുള്ള പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്നാണ് എടക്കര, ചുങ്കത്തറ, പോത്തുകൽ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചുങ്കത്തറയിൽ വിളിച്ചത്. ഈ മാസം 31നകം മുഴുവൻ സ്ഥല ഉടമകളെയും കണ്ട് ഏറ്റെടുത്ത് നൽകാമെന്ന് പ്രസിഡന്‍റുമാർ അറിയിച്ചു. എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ഒ.ടി. ജയിംസ്, ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വത്സമ്മ സെബാസ്റ്റ്യൻ, പോത്തുകൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വിദ്യാരാജൻ, കെ.എഫ്.ആർ.ബി പാലക്കാട്, മലപ്പുറം ജില്ലകളിലെ ചുമതലയുള്ള എക്സിക്യൂട്ടിവ് എൻജിനീയർ സി. രാജേഷ് ചന്ദ്രൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എഫ്. ഷിജു, അസി. എൻജിനീയർ പി.എ. ഹരിത തുടങ്ങി ജനപ്രതിനിധികളും കെ.എഫ്.ആർ.ബി ഉദ്യോഗസ്ഥരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.