മാറഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അധികാര ദുർവിനിയോഗം നടത്തിയെന്ന് യു.ഡി.എഫ്​

വാർഡ് അംഗമായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കാൻ ബോർഡ്‌ യോഗം മാറ്റിവെച്ചെന്ന പരാതിയിൽ ഓംബുഡ്സ്മാൻ വിധി മാറഞ്ചേരി: ഗ്രാമപഞ്ചായത്ത്​ പത്താം വാർഡ് അംഗമായിരുന്ന ടി. ശ്രീജിത്തിനെ അയോഗ്യനാക്കാൻ ബോർഡ്‌ യോഗം മാറ്റിവെച്ചെന്ന പരാതിയിൽ മാറഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ സ്മിത ജയരാജൻ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഓംബുഡ്സ്മാൻ വിധിച്ചതായി യു.ഡി.എഫ്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശ്രീജിത്തിനെതിരെ പെരുമ്പടപ്പ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുള്ളതിനാൽ രണ്ട് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമത്തെ യോഗത്തിൽ പങ്കെടുക്കാൻ ഹൈകോടതി അനുമതി പ്രകാരം എത്തിയപ്പോഴാണ് യോഗം അടിയന്തരമായി മാറ്റിയത്. ഇത് മെംബറെ അയോഗ്യനാക്കാനായി മനഃപൂർവം ചെയ്തതാണെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. യു.ഡി.എഫ് നിർദേശപ്രകാരം ശ്രീജിത്ത്‌ ഓംബുഡ്സ്മാനിൽ പരാതിയും നൽകി. ഇതിലാണ് വിധി വന്നത്. പരാതി ശരിയാണെന്ന്​ ബോധ്യപ്പെട്ടെന്നും പ്രസിഡന്റ്‌ യോഗം മാറ്റിവെച്ചത് അധികാര ദുർവിനിയോഗവും കോടതിയോടുള്ള അനാദരവുമാണെന്നും പരാതിക്കാരന് ആവശ്യമെന്ന്​ തോന്നിയാൽ തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിക്കാമെന്നും ഓംബുഡ്സ്മാൻ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച്​ തുടർനടപടിയുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഐ.പി. അബ്ദുല്ല, എ.കെ. ആലി, ഹിളർ കാഞ്ഞിരമുക്ക്, പി. നൂറുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.