ചേറ്റുവ പുഴയിലെ ചളി കേര കർഷകർക്ക് വളമായി നൽകണം -താലൂക്ക് വികസന സമിതി

ചാവക്കാട്: മുനക്കക്കടവ്​ അഴിമുഖത്തിന്​ സമീപം ചേറ്റുവ പുഴയിൽനിന്ന് കോരിയെടുക്കുന്ന ചളി കേരകർഷകർക്ക് തെങ്ങിന്​ വളമായി വിതരണം ചെയ്യണമെന്ന് താലൂക്ക് വികസന സമിതിയിൽ ആവശ്യം. ടി.എൻ. പ്രതാപൻ എം.പിയുടെ പ്രതിനിധി ഇർഷാദ് ചേറ്റുവയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽ ചേറ്റുവ പുഴയിൽനിന്ന് കോരുന്ന മണ്ണും ചളിയും ബോട്ടിൽ കയറ്റി മൂന്ന് കിലോമീറ്റർ അകലെ കടലിൽ കൊണ്ടുപോയി തള്ളുകയാണിപ്പോൾ ചെയ്യുന്നത്. കർഷകർക്ക് നൽകുന്ന ചളിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി ചെറിയ ഫീസും ഈടാക്കാം. കൂടാതെ കഴുകി വൃത്തിയാക്കിയാൽ നിർമാണാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന മണ്ണ് സർക്കാറിന് റവന്യൂ വരുമാനമാക്കേണ്ടതിന്​ പകരം കടലിൽ തള്ളുന്നത് ഒഴിവാക്കണമെന്നും ഇർഷാദ് ആവശ്യപെട്ടു. കരയിൽ കൂട്ടിയിടുകയാണെങ്കിൽ വേലിയേറ്റത്തിൽ തകർന്ന ഭാഗം സംരക്ഷിക്കാനെങ്കിലും ഉപയോഗിക്കാം. കടലിൽ തള്ളുന്ന മണൽ വീണ്ടും അഴിമുഖത്തേക്ക് കയറിവരുന്നുവെന്നും ബോട്ടുകാർക്കും വള്ളക്കാർക്കും തന്മൂലം പ്രശ്നങ്ങളുണ്ടാകുന്നുവെന്നും മത്സ്യത്തൊഴിലാളികളുടെ ആക്ഷേപമുണ്ട്. ഓൺലൈനായി ചേർന്ന യോഗത്തിൽ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷാഹിൻ അധ്യക്ഷത വഹിച്ചു. ടെൻഡർ നടപടികൾ അവസാനിപ്പിച്ച് മുതുവട്ടൂർ -കോട്ടപ്പടി റോഡ്​ നിർമാണം രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു. റോഡിലെ ഗതാഗത തടസ്സത്തിനും പൊടിശല്യത്തിനും പരിഹാരം കാണാനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിക്കുന്ന കള്ളുഷാപ്പ് പൊളിച്ചുനീക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലെന്ന് കേരള കോൺഗ്രസ് പ്രതിനിധി തോമസ് ചിറമ്മൽ പറഞ്ഞു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ പുഴകളിലും തോടുകളിലും കെട്ടിടാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് സംബന്ധിച്ച പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ എം. സന്ദീപ് അറിയിച്ചു. സി.പി.ഐ പ്രതിനിധി അഡ്വ. പി. മുഹമ്മദ് ബഷീറാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ അപര്യാപ്തത പരിഹരിക്കുമെന്നും തഹസിൽദാർ പറഞ്ഞു. താലൂക്ക് പരിധിയിൽ തീരമേഖലയിലെ ഒമ്പത് പഞ്ചായത്തുകളിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമുള്ളതായി ഇർഷാദ് ചേറ്റുവ ആക്ഷേപമുയർത്തി. ഇതിന്​ പരിഹാരം നിർദേശിക്കാനോ വിശദീകരണം നൽകാനോ ജലവിതരണ വകുപ്പിൽ നിന്ന് പ്രതിനിധികളെത്താതിരുന്നത് യോഗത്തിൽ ചർച്ചയായി. ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ഷാഹിബാൻ, എൻ.സി.പിയിലെ എം.കെ. ഷംസുദ്ദീൻ, ഐ.എൻ.എല്ലിലെ പി.എം. നാഷാദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: TCC CKD Thaluk vikasanam - Chettuva River sand. ചേറ്റുവ പുഴയിലെ മണ്ണ് കോരിയെടുത്ത് കടലിൽ തള്ളാൻ ബോട്ടിൽ കയറ്റുന്ന മണ്ണുമാന്ത്രിയന്ത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.