മുല്ലപ്പെരിയാർ അണക്കെട്ട് സുപ്രീംകോടതി അഭിഭാഷകർ സന്ദർശിച്ചു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി അഭിഭാഷകർ സന്ദർശനം നടത്തി. സംസ്ഥാന ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പമാണ് അഭിഭാഷകർ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അണക്കെട്ട് സന്ദർശിച്ചത്. സുപ്രീംകോടതിയിലെ സ്റ്റാൻഡിങ്​ കോൺസൽ പ്രകാശ്, സീനിയർ അഡ്വ. ജെ.ബി. ഗുപ്ത എന്നിവരാണ് ചീഫ് എൻജിനീയർ അലക്സ് വർഗീസിനൊപ്പം അണക്കെട്ടിലെത്തിയത്. തേക്കടിയിൽനിന്ന്​ വനം വകുപ്പിന്‍റെ ബോട്ടിൽ അണക്കെട്ടിലെത്തിയ അഭിഭാഷകർ ഉദ്യോഗസ്ഥർക്കൊപ്പം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവയെല്ലാം സന്ദർശിച്ച് വിലയിരുത്തി. അണക്കെട്ടിൽ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശന സമയത്ത് നിരീക്ഷണത്തിനുണ്ടായിരുന്നു. അണക്കെട്ടിന്‍റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിദഗ്ധ പഠനം വേണമെന്ന ആവശ്യം കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഭിഭാഷകർ അണക്കെട്ട് നേരിൽ കാണാനെത്തിയത്. അണക്കെട്ടിൽ നിലവിൽ 132 അടിയാണ് ജലനിരപ്പ്. 142 അടി വരെ ആഴ്ചകളോളം ജലനിരപ്പ് ഉയർത്തി നിർത്തിയ ശേഷമാണ് ഇപ്പോൾ 10 അടി ജലനിരപ്പ് തമിഴ്നാട് കുറച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.