കൊടുമുടി പോക്കാട്ടുകുഴി കോളനി നവീകരണം: പുരോഗതി വിലയിരുത്തി

വളാഞ്ചേരി: ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനി നവീകരണ പദ്ധതിയുടെ പുരോഗതി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന്‍റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കോളനി നവീകരണം. 50 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായി കോളനി കൊരട്ടിപ്പാറ റോഡ് (5.77 ലക്ഷം), ട്രാൻസ്ഫോർമർ- ചങ്കണാങ്കുന്ന് റോഡ് (എട്ട് ലക്ഷം), ചേത്തലപ്പറമ്പ് റോഡ് (5.71 ലക്ഷം), കരിമ്പനക്കുന്ന് റോഡ് (11.98 ലക്ഷം) എന്നിവയുടെ നവീകരണം പൂർത്തീകരിച്ചിട്ടുണ്ട്. ചങ്ങണാങ്കുന്ന് നടപ്പാത നവീകരണം (1.56 ലക്ഷം), കുടിവെള്ള പദ്ധതിക്കായി അംഗൻവാടി പരിസരത്തുള്ള പൊതുകിണർ നവീകരണം (1.16 ലക്ഷം), ഹോമിയോ ഡിസ്പെൻസറിക്ക് സമീപത്തെ കിണർ നവീകരണം (1.56 ലക്ഷം) എന്നീ പ്രവൃത്തികൾ പുരോഗതിയിലാണ്. ഏഴ് ലക്ഷം വിനിയോഗിച്ച്​ കരിമ്പനക്കുന്ന് റോഡ്, പോക്കാട്ടുകുഴി ആശാൻ കോളനി റോഡ്, പോക്കാട്ടുകുഴി തിരുവേഗപ്പുറക്കുഴി റോഡ് എന്നിവ നവീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ ഓഫിസിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വസീമ വേളേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ. മാനുപ്പ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അബ്ദുറഹ്​മാൻ, പഞ്ചായത്ത് അംഗങ്ങളായ ഫസീല ടീച്ചർ, ടി.പി. മെറീഷ്, ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസർ അശോകൻ, പദ്ധതി നിർവഹണം നടത്തുന്ന നിർമിതി കേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.