പള്ളിപ്പടി- തേക്കിൻചുവട് റോഡ് നവീകരണം തുടങ്ങി പള്ളിക്കമ്മിറ്റികളടക്കം സൗജന്യമായി സ്ഥലം നൽകി അരീക്കോട്: എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ ബാക്കിയുണ്ടായിരുന്ന പള്ളിപ്പടി -തേക്കിൻചുവട് റോഡിന്‍റെ നവീകരണം ആരംഭിച്ചു. മറ്റെല്ലായിടത്തും റോഡ് നവീകരണം ആരംഭിച്ചപ്പോൾ പ്രദേശവാസികൾ സ്ഥലം വിട്ടുനൽകാഞ്ഞതിനെ തുടർന്നാണ് ഇവിടെ ജോലികൾ അനിശ്ചിതത്വത്തിലായിരുന്നത്. കഴിഞ്ഞ ദിവസം പി.കെ. ബഷീർ എം.എൽ.എയുടെ അധ്യക്ഷതയിൽ അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ഭൂ ഉടമകളുമായി നടത്തിയ ചർച്ചയിൽ സ്ഥലം വിട്ടുനൽകാൻ തയാറായതോടെയാണ് നിർമാണ ജോലികൾക്കുള്ള തടസ്സം നീങ്ങിയത്. ഈ പാതയിൽ റോഡിന്റെ എല്ലാ ഭാഗങ്ങളിലും ആദ്യഘട്ട നവീകരണം പുരോഗമിക്കുമ്പോഴും തേക്കിൻചുവട് ഭാഗത്ത് നവീകരണം നടക്കാത്തത് ഇതുവഴിയുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നര മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്താണ് നവീകരണം നടത്തുന്നത്. ഇരു വശങ്ങളിലായി രണ്ട് പള്ളിക്കമ്മിറ്റികളും 66 ഉടമകളും സൗജന്യമായി ഭൂമി വിട്ടുനൽകി വികസനത്തിന് ഒപ്പം ചേർന്നുനിന്നു. ബാക്കി ഉടമകൾ ഭൂമി വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് നിർമാണങ്ങൾ പൊളിച്ചുനീക്കുന്ന പ്രവൃത്തിക്ക് തുടക്കംകുറിച്ചത്. നവീകരണം ആരംഭിച്ചതോടെ പത്തനാപുരം അങ്ങാടിയിൽനിന്ന് മുക്കം ഭാഗത്തേക്കുള്ള ഗതാഗതം വെള്ളിയാഴ്ച വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അരീക്കോട്ടുനിന്ന് മുക്കത്തേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴി ഒരു ഭാഗത്തിലൂടെ കടന്നുപോകാവുന്നതാണ്. എന്നാൽ, മുക്കം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുറ്റൂളിയിൽ നിന്ന് കുനിയിൽ വഴി പോകണം. രാത്രി ഒരു വാഹനവും പത്തനാപുരം വഴി കടത്തി വിടില്ലെന്നും റോഡിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ എല്ലാവരും സഹകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഫോട്ടോ: പത്തനാപുരം പള്ളിപ്പടിയിലെ റോഡ് നവീകരണ ജോലികൾ ആരംഭിച്ചപ്പോൾ Photo: ME ARKD PATHNAPPURAM ROAD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.