മത്സരത്തിന്​ തൊട്ടുമുമ്പേ വല്യുമ്മ മരിച്ചു; സങ്കട ​ട്രാക്കിൽ​ സഹദ്​ താണ്ടിയത്​ പുതിയ ദൂരം

ഹർഡിൽസിൽ മീറ്റ്​ റെക്കോഡോടെയാണ്​ സ്വർണനേട്ടം തേഞ്ഞിപ്പലം: ബുധനാഴ്ച രാവിലെ കാലിക്കറ്റ്‌ സർവകലാശാല സിന്തറ്റിക് ട്രാക്കിൽ 110 മീറ്റർ ഹർഡിൽസിൽ മത്സരിക്കാനിറങ്ങുന്നതിന്​ ഒന്നര മണിക്കൂർ മുമ്പാണ് എടപ്പാൾ സ്വദേശി എൻ.വി.​ സഹദ്​, പിതാവിന്‍റെ മാതാവ്​ (വല്യുമ്മ) മരിച്ച വിവരമറിഞ്ഞത്​. ​മത്സരിക്കണോ വേണ്ടയോ എന്ന ആശങ്കയുടെ സങ്കട ട്രാക്കിൽ നിൽക്കവെ, വീട്ടിൽനിന്ന്​ ലഭിച്ച നിർദേശ​ത്തെത്തുടർന്ന്​ ട്രാക്കിലിറങ്ങി. വിങ്ങുന്ന മനസ്സുമായി സഹദ്​ സംസ്ഥാന ഇന്‍റർ ക്ലബ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ 110 മീറ്റർ ഹർഡിൽസിൽ കുതിച്ചപ്പോൾ സ്റ്റേഡിയത്തിൽ പിറന്നത്​ പുതിയ മീറ്റ്​ റെക്കോഡായിരുന്നു. 14.33 സെക്കൻഡ്​ എന്ന പുതിയ സമയം കുറിച്ചാണ്​ നേട്ടം കരസ്ഥമാക്കിയത്. മരണവിവരം കേട്ടപ്പോൾ മനമില്ലാ മനസ്സോടെയാണ്​ മത്സരി​ച്ചതെന്നും മീറ്റ്​ റെക്കോഡ്​ ​നേടിയതിൽ സംതൃപ്തിയുണ്ടെന്നും സഹദ്​ പറഞ്ഞു. എടപ്പാൾ മാങ്ങാട്ടൂർ സ്വദേശിയായ സഹദ്​ തവനൂർ എമേർജ്​ ട്രെയിനിങ്​ ക്ലബിനായാണ്​ മത്സരിച്ചത്​. തിരുവനന്തപുരം പൊലീസ് ടീമിലെ താരവുമാണ്​​. 2018ൽ കാലിക്കറ്റ് സർവകലാശാല മീറ്റിൽ സഹദ്​ നേടിയ റെക്കോഡ് നേട്ടം ഇപ്പോഴും ആരും മറികടന്നിട്ടില്ല. 2019ൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പൊലീസിൽ ജോലിക്ക് കയറിയത്. നാട്ടിൽതന്നെയാണ് ഇപ്പോഴും പരിശീലനം തുടരുന്നത്. തവനൂർ സ്വദേശി അനീസ് റഹ്മാൻ ആണ് കോച്ച്​. മുഹമ്മദലി -ഷാഹിദ ദമ്പതികളുടെ മകനാണ്. mpgma4 കാലിക്കറ്റ്​ സർവകലാശാല സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ഇന്‍റര്‍ ഡിസ്ട്രിക്ട് ക്ലബ്​ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ റെക്കോഡോടെ സ്വർണം നേടുന്ന എമേര്‍ജ് ട്രെയിനിങ്​ ക്ലബ്​ തവനൂരിന്‍റെ എന്‍.വി. സഹദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.