*അയല്‍ക്കൂട്ടം മാതൃകയില്‍ കൃഷിക്കൂട്ടങ്ങള്‍ തുടങ്ങും -മന്ത്രി കെ. രാജന്‍ തൃശൂർ: തദ്ദേശ സ്ഥാപനങ്ങള്‍ വഴി സംസ്ഥാനത്ത് 10,000 കൃഷിക്കൂട്ടങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി കെ. രാജന്‍. അയല്‍ക്കൂട്ടം മാതൃകയില്‍ പ്രാദേശിക കൃഷിക്കൂട്ടങ്ങള്‍ രൂപവത്കരിച്ച് വിള അടിസ്ഥാനപ്പെടുത്തിയും വിളയിടം അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍ പ്ലാൻ തയാറാക്കും. ജലസേചനവും കൃഷിയും അടിസ്ഥാനപ്പെടുത്തിയും മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കും. ഇതനുസരിച്ച് കര്‍ഷകര്‍ക്ക് കൃഷി ആസൂത്രണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ കോര്‍പറേഷന്‍റെയും കൃഷി വകുപ്പിന്‍റെയും കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്കാരങ്ങള്‍ പി. ബാലചന്ദ്രന്‍ എം.എല്‍.എ വിതരണം ചെയ്തു. എ.ജെ. യേശുദാസ് (സമ്മിശ്ര കര്‍ഷകന്‍), പോള്‍ (നെല്‍കര്‍ഷകന്‍), യു.എ. സുബ്രഹ്മണ്യന്‍ (കേര കര്‍ഷകന്‍), കെ.പി. സ്റ്റെല്ല (മട്ടുപ്പാവ് കൃഷി), പി.കെ. അശോകന്‍ (വാഴ കര്‍ഷകന്‍), രവി (പട്ടികജാതി കര്‍ഷകന്‍), ഇന്ദിര (കര്‍ഷക തൊഴിലാളി), കെ.സി. മീനാക്ഷി (വനിത കര്‍ഷക), സെബാസ്റ്റ്യന്‍ ഡേവി (സംയോജിത കൃഷി), ബാബു (പച്ചക്കറി കര്‍ഷകന്‍), കെ.പി. ധനേഷ് (യുവകര്‍ഷകന്‍), ഭാഗ്യ എം. ഹരിദാസ് (വിദ്യാര്‍ഥി കര്‍ഷക), ഷൈജി ജോസ് (ജൈവ കര്‍ഷക), അനിത സുനില്‍ (ക്ഷീര കര്‍ഷക), എം.വി. ചാക്കപ്പന്‍ (മുതിര്‍ന്ന കര്‍ഷകന്‍) എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ടി.ജി. ദേവസ്യ രചിച്ച 'നെല്‍ച്ചെടിയും നെല്ലും' എന്ന പുസ്തകം ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ.കെ. സിനിയ, കോര്‍പറേഷന്‍ സെക്രട്ടറി ആര്‍. രാഹേഷ്‌കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ആര്‍. ഷേര്‍ളി നന്ദിയും പറഞ്ഞു. -------------- യുവ കർഷകനെ ആദരിച്ചു തൃശൂർ: യുവ കർഷകനുള്ള കോർപറേഷന്‍റെ അവാർഡ് ലഭിച്ച മുക്കാട്ടുകരയിലെ കെ.പി. ധനേഷിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ആദരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ജെൻസൻ ജോസ് കാക്കശ്ശേരി ത്രിവർണ ഷാളണിയിച്ച് ഉപഹാരം നൽകി. --------------- കാർഷിക സംരംഭകത്വ പരിശീലനം മണ്ണുത്തി: കർഷക ദിനത്തിൽ കാർഷിക സർവകലാശാല സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് കാർഷിക സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. രജിസ്ട്രാർ ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ----------------- കുട്ടിക്കർഷകരെ അനുമോദിച്ചു മണ്ണുത്തി: കാർഷിക സർവകലാശാല കമ്യൂണിക്കേഷൻ സെന്‍ററിൽ കർഷക ദിനത്തിൽ കുട്ടിക്കർഷകരെ അനുമോദിച്ചു. 'കാർഷിക സർവകലാശാല വിദ്യാലയങ്ങളിലേക്ക്' പദ്ധതിയുടെ ഭാഗമായി ക്വിസ്, പ്രവൃത്തി പരിചയ വേദി എന്നിവ ഒരുക്കി. ഗ്രോ ബാഗ് കൃഷി, ജൈവ കീടനാശിനി നിർമാണം എന്നിവ വിശദീകരിച്ചു. എല്ലാവർക്കും പച്ചക്കറിത്തൈ നൽകി. സർവകലാശാലയിലെ ശാസ്ത്രജ്ഞരുമായി മുഖാമുഖവും നടത്തി. TCT - Kutti karshakar കുട്ടിക്കർഷകർ കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർക്കൊപ്പം ------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.