ഗോഡൗണിൽ യുവാവിന്‍റെ മൃതദേഹം: തൂങ്ങിമരണമെന്ന്​ പ്രാഥമിക നിഗമനം

* യുവാവിനെ തട്ടിക്കൊണ്ടുപോയി ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണിൽ തടങ്കലിൽ വെക്കുകയായിരുന്നുവെന്ന്​ പൊലീസ് നിലമ്പൂര്‍: മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാന്‍റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 13 പേർ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിൽ. അതേസമയം, മുജീബ്​ റഹ്​മാൻ തൂങ്ങിമരിച്ചതാണെന്നാണ്​ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ ആകമാനം മുറിപ്പാടുകൾ കണ്ടെത്തി. മുജീബ് റഹ്​മാനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദനം, ആത്മഹത‍്യ പ്രേരണ എന്നിവക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ചോദ‍്യംചെയ്യലും മൊഴിയെടുക്കലും പൂർത്തിയായതിനു​ ശേഷമേ മറ്റു വിവരങ്ങൾ പറയാനാവൂവെന്ന് പൊലീസ് വ‍്യക്തമാക്കി. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ സി.ഐ പി. വിഷ്ണുവും സംഘവുമാണ് കേസന്വേഷണം നടത്തുന്നത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് മമ്പാട് ടൗണിലെ സുലു ടെക്‌സ്‌റ്റൈല്‍സിന്‍റെ ഒന്നാം നിലയിലെ ഗോഡൗണില്‍ മൃതദേഹം കണ്ടെത്തിയത്. കിഴിശ്ശേരിയില്‍ ഇന്‍ഡസ്ട്രിയല്‍ ജോലിയെടുക്കുന്ന മുജീബ് റഹ്​മാൻ ഭാര്യ രഹനയുടെ പാണ്ടിക്കാട്ടുള്ള വീട്ടിലായിരുന്നു താമസം. ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ജാമ‍്യത്തിലിറങ്ങി പിന്നീട് കോടതിയിൽ ഹാജറാവാതെ മഞ്ചേരി, നിലമ്പൂര്‍ മേഖലകളില്‍ ജോലി ചെയ്തുവരുകയായിരുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രവൃത്തിക്കായി ടെക്സ്​റ്റൈൽസ് ഉടമക്ക് പങ്കാളിത്തമുള്ള ഹാർഡ്​വെയർ സ്ഥാപനത്തിൽനിന്ന്​ കമ്പി വാങ്ങിയ വകയിൽ മുജീബ് 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഷോപ്പിലെ ജീവനക്കാര്‍ രഹനയുടെ വീട്ടിലെ ഫോണിലേക്ക് മുജീബിന്‍റെ കൈകള്‍ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം വെള്ളിയാഴ്ച രാത്രി ഒമ്പതോടെ അയച്ചിരുന്നു. മുജീബിനെ കിട്ടിയിട്ടുണ്ടെന്നും രണ്ടു ദിവസം കസ്റ്റഡിയില്‍ വെച്ചതിനു ശേഷം പൊലീസില്‍ ഏൽപിക്കാനാണ് തീരുമാനമെന്നുമാണ് ഇവര്‍ ഭാര്യവീട്ടുകാരോട് പറഞ്ഞത്. ഇതിനു ശേഷവും വിവരമൊന്നുമില്ലാതായതോടെ സന്ദേശം വന്ന നമ്പറിലേക്ക് ശനിയാഴ്ച രഹ​ന വിളിച്ചപ്പോൾ രാവിലെ വിട്ടയച്ചെന്നായിരുന്നു മറുപടി. കടയുടമയുടെ ബന്ധുവാണ്​ ഗോഡൗണിൽ ഒരാൾ തൂങ്ങിമരിച്ചിട്ടുണ്ടെന്ന് ശനിയാഴ്ച പൊലീസിനെ അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോൾ മുറിയിൽ വസ്ത്രങ്ങൾകൊണ്ട്​ മൂടിയ നിലയിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയർ സമീപത്തുണ്ടായിരുന്നു. കഴുത്തിൽ കയർ മുറുകിയതിനു സമാനമായ അടയാളവും ദേഹത്ത് മർദനമേറ്റ ക്ഷതങ്ങളുമുണ്ടായിരുന്നു. ഭാര‍്യവീട്ടുകാരെത്തി തിരിച്ചറിഞ്ഞ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. Nbr photo -3 Mujeep Rehman മുജീബ് റഹ്മാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.