ആറുവരി പാത നിർമാണം: എടരിക്കോട്ട്​ വീടുകളിൽ വെള്ളം കയറി

ആറുവരി പാത നിർമാണം: എടരിക്കോട്ട്​ വീടുകളിൽ വെള്ളം കയറി കോട്ടക്കൽ: ദേശീയപാത ആറുവരി പാതയുടെ നിർമാണം എടരിക്കോട്ടും മഴയെ തുടർന്ന് പ്രതിസന്ധി തീർത്തു. മമ്മാലിപ്പടി ഭാഗത്ത് വീടുകളിലും കൃഷിയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നാട്ടുകാർ ദുരിതത്തിലായി. പഞ്ചായത്തിന്‍റെ ഇടപെടലിനെ തുടർന്ന് ദേശീയപാത അതോറിറ്റി ഉടൻ പരിഹാരം കണ്ടതോടെയാണ് താൽക്കാലിക പരിഹാരമായത്. എടരിക്കോട് തോട്ടുങ്ങൽ ചെറുശ്ശോല ഭാഗത്തേക്കുള്ള കൈത്തോട് നിറഞ്ഞതാണ് തിരിച്ചടിയായത്. ചാമ്പ്ര തോട്ടിലേക്ക് ഒഴുകിപ്പോകാൻ കഴിയാഞ്ഞതോടെ സമീപത്തെ വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയായിരുന്നു. ഇതോടെ പ്രദേശത്തെ അംഗൻവാടി ഭാഗം, വിവിധ ചെറുറോഡുകൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട്​ രൂപപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വാർഡംഗം നാസർ എടരിക്കോട് ദേശീയപാത അതോറിറ്റിയുമായി സംസാരിച്ചാണ് താൽക്കാലിക പരിഹാരമായത്. സമാന്തര തോട് നിർമിച്ച് വെള്ളം ദിശ മാറ്റി തിരിച്ചാണ് പരിഹാരം കണ്ടെത്തിയത്. മണ്ണുമാന്തിയന്ത്രത്തിന്‍റെ സഹായത്തോടെ വെള്ളം ഒഴുക്കിവിടുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജലീൽ മണമ്മൽ, സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവരും സ്ഥലം സന്ദർശിച്ച്​ സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, കാലവർഷത്തിന് മുന്നേ ചെറുതോടുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ വീണ്ടും വെള്ളം കയറുമെന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറഞ്ഞു. അപ്രതീക്ഷിതമായെത്തിയ വെള്ളം ഏക്കർ കണക്കിന് ഭാഗത്തെ കൃഷിയിടങ്ങൾക്കും വ്യാപക നാശമാണ് വിതച്ചത്. പഞ്ചായത്തിന്‍റെ പ്രധാന നെല്ലറയായ മമ്മാലിപ്പാടത്തിന്‍റെ മധ്യത്തിലൂടെയാണ് ആറുവരി പാത കടന്നുപോകുന്നത്. പ്രവൃത്തികളുടെ ഭാഗമായി ഈ ഭാഗത്തുണ്ടായിരുന്ന കൈത്തോടുകൾ നികത്തിയതോടെ വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സ്ഥിതിയാണ്. ക്യാപ്ഷൻ വെള്ളക്കെട്ടിനെ തുടർന്ന് എടരിക്കോട് മമ്മാലിപ്പടിയിൽ പഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തുന്നു KTKL 148

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.