കനത്ത മഴയിൽ വെള്ളക്കെട്ട്; ആറുവരി പാതയുടെ മധ്യഭാഗം കീറി വെള്ളം ഒഴുക്കിവിട്ടു

കോട്ടക്കൽ: ആറുവരി പാതയുടെ നിർമാണത്തിന് പിന്നാലെ പെയ്ത മഴ ക്ലാരി പെരുമണ്ണയെ ദുരിതത്തിലാക്കി. കൈത്തോടുകളിൽ നിറഞ്ഞ വെള്ളം വീടുകളിലേക്ക് ഒഴുകിയെത്തിയതോടെ പാതയുടെ മധ്യഭാഗം കീറി ഒഴുക്കിവിടുകയായിരുന്നു. പ്രവൃത്തികളുടെ ഭാഗമായി ചെറുതോടുകൾ അടച്ചതാണ് പ്രതിസന്ധി തീർത്തത്. പെരുമണ്ണ പഞ്ചായത്തിലെ നാല്​, അഞ്ച്​ വാർഡുകളിലാണ് വെള്ളക്കെട്ട്​ രൂപപ്പെട്ടത്. പ്രധാന പാടശേഖരമായ പാലച്ചിറമാട് ഭാഗത്ത് കൂടിയാണ് ആറുവരി പാതയുടെ പ്രവൃത്തികൾ പുരോഗമിക്കുന്നത്. ചെറുതോടുകൾ പൂർണമായി അടച്ചതോടെ പാതയുടെ ഇരുഭാഗത്തും വെള്ളക്കെട്ട്​ രൂപപ്പെടുകയായിരുന്നു. ഇതോടെ ക്ലാരി തോട് നിറഞ്ഞുകവിഞ്ഞ് സമീപത്തെ വീടുകളിലേക്കും വെള്ളം ഒഴുകിയെത്തി. പാതക്ക് സമാനമായി വെള്ളം ഉയർന്നതോടെ പ്രവൃത്തികളും തടസ്സപ്പെട്ടു. ബ്ലു സ്റ്റാർ ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്​ ലിബാസ് മൊയ്തീനും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി എൻ.എച്ച് അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. ശേഷം പാതയുടെ മധ്യഭാഗം പൊളിച്ചുനീക്കി കെട്ടിക്കിടന്ന വെള്ളം മറുഭാഗത്തേക്ക് ഒഴുക്കിവിട്ടു. ജനപ്രതിനിധികളായ മുസ്തഫ കളത്തിങ്ങൽ, ഷംസു പുതുമ, സെക്രട്ടറി പ്രഭാകരൻ പരി, വില്ലേജ് ഓഫിസർ അബ്ദുസ്സലാം കുന്നുമ്മൽ എന്നിവരും സ്ഥലം സന്ദർശിച്ചു. ദേശീയപാത അതോറിറ്റിയുടെ പെട്ടെന്നുള്ള ഇടപെടൽ കൂടുതൽ ദുരിതങ്ങൾ ഒഴിവാക്കി. KTKL 145 Perumanna കനത്ത മഴയിൽ പെരുമണ്ണ ക്ലാരിയിൽ ആറുവരി പാതയുടെ മധ്യഭാഗം കീറി വെള്ളം ഒഴുക്കിവിടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.