പ്രതീകാത്മക ചിത്രം
കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ ജില്ലയിലെ നാല് ഹെക്ടറിലധികം വാഴകൃഷി നശിച്ചത് ഉൽപാദനത്തെ ബാധിക്കും. കർഷകർക്ക് രണ്ടുമാസംകൊണ്ടുണ്ടായ നഷ്ടം 16 ലക്ഷത്തോളം രൂപ. കൃഷി വകുപ്പിന്റെ കണക്കുകൾ പ്രകാരം ജില്ലയിലെ 18 കൃഷിഭവനുകളിലായാണ് ഇത്രയധികം വാഴകൃഷി നശിച്ചത്. മലയോര മേഖലകളിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. ലോണെടുത്തും മറ്റും ലക്ഷങ്ങൾ മുടക്കി കൃഷി ചെയ്ത നിരവധി കർഷകരാണ് ഇതോടെ ദുരിതത്തിലായത്.
ജില്ലയിലെ കൃഷിനാശം ഉൽപാദനത്തെയും ഗണ്യമായി ബാധിക്കുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. മുക്കം കൃഷിഭവനു കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത്. വാഴകൃഷിക്ക് പുറമെ കവുങ്ങും തെങ്ങും നെല്ലും ഇവിടെ വന്യജീവി ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. 4,15,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. തിരുവമ്പാടി കൃഷിഭവനുകീഴിൽ 2,45,000 രൂപയുടെ വാഴകൃഷിയാണ് വന്യമൃഗങ്ങൾ നശിപ്പിച്ചത്. വേളം കൃഷിഭവനു കീഴിൽ ഒരു ഹെക്ടറിലെ വാഴകൃഷി നശിപ്പിച്ചിട്ടുണ്ട്. കുലച്ചതും കുലക്കാത്തതുമായ വാഴകളാണ് നശിപ്പിച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് വന്നത്. പ്രകൃതിക്ഷോഭം മൂലവും വന്യമൃഗ ആക്രമണവും മൂലമുള്ള കൃഷിനാശത്തിന് നഷ്ടപരിഹാരം വൈകുന്നതും കർഷകരെ ആശങ്കയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.