ദേശീയപാത മുക്കാളിയിൽ മണ്ണിടിച്ചിൽ; ഭീതിയോടെ കുടുംബങ്ങൾ

വടകര: ദേശീയപാത നിർമാണപ്രവൃത്തിക്കിടെ മുക്കാളിയിൽ വീണ്ടും മണ്ണിടിഞ്ഞതോടെ ഭീതിയോടെ പ്രദേശത്തെ കുടുംബങ്ങൾ. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. തൊഴിലാളികൾ ജോലിചെയ്യുന്നതിനിടെയാണ് 25 മീറ്ററോളം വരുന്ന ഭാഗം ഇടിഞ്ഞത്. മണ്ണിടിച്ചിലിനെ തുടർന്ന് വലിയപറമ്പത്ത് കുഞ്ഞി മറിയത്തിന്റെ വീട് അപകടാവസ്ഥയിലാണ്. മണ്ണിടിഞ്ഞതോടെ വീട്ടുമുറ്റത്ത് വിള്ളലുകൾ വീണിട്ടുണ്ട്. വീടിനോട് ചേർന്ന വിറക് കൂട ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.

മണ്ണിടിച്ചിലിൽ ഇടവിള കൃഷികൾക്കും നാശനഷ്ടമുണ്ടായി. ഈ ഭാഗത്ത് ജോലിക്കാരുടെ അഭാവത്തെ തുടർന്ന് നിർമാണ ജോലികൾ ഇഴഞ്ഞുനിങ്ങുകയാണ്. നിർമാണത്തിലെ അശാസ്ത്രീയതയാണ് മണ്ണിടിച്ചിലിനിടയാക്കുന്നത്. മണ്ണിടിച്ചിലിൽ 11 കെ.വി ലൈൻ കടന്നുപോവുന്ന വൈദ്യുതിത്തൂണുകളും വീഴാൻ പാകത്തിലാണ്. ഈ ഭാഗത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തുകയുണ്ടായി. കഴിഞ്ഞ മാസം മണ്ണിടിച്ചിലുണ്ടായിരുന്നു.


മുക്കാളിയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം കെ.കെ. രമ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സന്ദർശിക്കുന്നു

രണ്ട് വർഷം മുമ്പ് ഉയർന്ന ഭാഗങ്ങൾ സംരക്ഷിച്ച് നിർത്താൻ ഈ ഭാഗത്ത് സോയിൽ നെയിലിങ് നടത്തിയിരുന്നു. കാലവർഷത്തിൽ തകർന്നു വീണതോടെ പുനർനിർമിക്കാൻ നടപടികളുണ്ടായിരുന്നില്ല. സംരക്ഷണഭിത്തി നിർമിക്കണമെന്നും ഭിത്തിയോട് ചേർന്ന ഭാഗങ്ങളിലെ കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്നും ആവശ്യമുയർന്നെങ്കിലും അവഗണിക്കുകയായിരുന്നു.

അപട ഭീഷണിയുയർത്തിയുള്ള മണ്ണിടിച്ചിലിന് ശാശ്വതപരിഹാരം കാണാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. രാത്രി കാലത്താണ് പ്രവൃത്തി നടക്കുന്നത്. മണ്ണിടിച്ചിലുണ്ടായ പാശ്ചാത്തലത്തിൽ കെ.കെ. രമ എം.എൽ.എ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് അയിഷ ഉമ്മർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.

അപകട ഭീഷണിയിൽ കഴിയുന്ന കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് എം.എൽ.എ കരാർ കമ്പനി പ്രതിനിധികളോട് ആവശ്യപെട്ടു. മണ്ണിടിച്ചിലിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് എം.എൽ.എ പറഞ്ഞു.

Tags:    
News Summary - Landslide on National Highway Mukkali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.