ഒരു മാസമായി അടഞ്ഞുകിടക്കുന്ന ഉള്ള്യേരിയിലെ പൊതുശ്മശാനം ‘പ്രശാന്തി ഗാർഡൻ’
ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനം ‘പ്രശാന്തി ഗാർഡൻ’ അടച്ചിട്ട് ഒരുമാസം കഴിയുന്നു. അപകടത്തിൽ മരിച്ച പാലോറമല സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ ഇവിടത്തെ ജീവനക്കാർ അമിത ഫീസ് ഈടാക്കിയതായ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം 27നാണ് ശ്മശാനം താൽക്കാലികമായി അടച്ചത്. ഗ്രാമപഞ്ചായത്ത് നിയമിച്ച രണ്ടു ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഉള്ള്യേരിയിലെയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ആശ്രയമായ ആധുനിക സൗകര്യങ്ങളുള്ള ഗ്യാസ് ക്രിമറ്റോറിയം അടച്ചിട്ടതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. 4500 രൂപയാണ് മൃതദേഹം സംസ്കരിക്കാൻ പഞ്ചായത്ത് നിശ്ചയിച്ച ഫീസ്. എന്നാൽ, ജീവനക്കാർ 800 രൂപയും അതിലധികവും കൂടുതൽ വാങ്ങുന്നതായാണ് പരാതി ഉയർന്നത്. ഇതിന് രസീതും നൽകിയിരുന്നില്ല.
അപകടത്തിൽ മരിച്ച പാലോറമല സ്വദേശിയുടെ ബന്ധുക്കളും പട്ടിക സമാജം ഭാരവാഹികളും പഞ്ചായത്തിൽ പരാതി നൽകിയതോടെയാണ് ഏറെക്കാലമായി നടന്നുവരുന്ന തട്ടിപ്പ് പുറത്തായത്. ജീവനക്കാരെ പുറത്താക്കി പഞ്ചായത്ത് അടിയന്തര നടപടി എടുത്തുവെങ്കിലും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. നിലവിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ പലരും വെസ്റ്റ് ഹിൽ പൊതു ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്.
അതേസമയം, പുതുതായി രണ്ടുപേരെ അഭിമുഖം നടത്തി തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവർക്ക് പരിശീലനം കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായും ഈ ആഴ്ചതന്നെ ശ്മശാനം തുറന്നുപ്രവർത്തിപ്പിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നടത്തിപ്പിലെ സുതാര്യത ഉറപ്പുവരുത്താൻ അവിടെ ഫീസ് സംബന്ധമായ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുമെന്നും ഓൺലൈൻ പേമെന്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.