ക​ന്നൂ​ര് അ​ങ്ങാ​ടി​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന നാ​ട്ടു​കാ​ര​ൻ

വെള്ളത്തിൽ കിടന്നും വാഹനം തടഞ്ഞും നാട്ടുകാരുടെ പ്രതിഷേധം

ഉള്ള്യേരി: ഒടുവിൽ നാട്ടുകാരും കച്ചവടക്കാരും പറഞ്ഞതുതന്നെ സംഭവിച്ചു. നാട്ടുകാരുടെ നിർദേശങ്ങൾക്ക് പുല്ലുവില കൊടുത്ത് സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി ചെയ്ത ഓവുചാൽ നിർമാണം പാളി. ബുധനാഴ്ച രാവിലെ പെയ്ത കനത്ത മഴയിൽ കന്നൂര് അങ്ങാടിയിൽ വെള്ളം കയറി. റോഡ് മുഴുവൻ വെള്ളത്തിൽ മുങ്ങിയതോടെ കടകളിൽ ഏതുനിമിഷവും വെള്ളം കയറുമെന്ന ഭീതിയിലായിരുന്നു കച്ചവടക്കാർ. ഓവുചാൽ നിർമാണത്തിലെ അപാകതയെ കുറിച്ച് മാധ്യമം കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

പരാതികൾ പറഞ്ഞ് ഗതികെട്ട നാട്ടുകാർ ബുധനാഴ്ച റോഡിലെ വെള്ളക്കെട്ടിൽ കിടന്നും വാഹനങ്ങൾ തടഞ്ഞും പ്രതിഷേധിച്ചതോടെ കരാർ കമ്പനിയുടെ അടിയന്തര ഇടപെടലുണ്ടായി. കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാൽ നിർമാണം കന്നൂര് അങ്ങാടിയിൽ പലസ്ഥലങ്ങളിലും പൂർത്തീകരിച്ചിട്ടില്ല. മാത്രവുമല്ല, ചിലഭാഗങ്ങളിൽ പൂർണമായും ഒഴുകിപ്പോകാനുള്ള ചരിവ് ഇല്ലെന്നും പരാതിയുണ്ട്. ചിറ്റാരി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്താകട്ടെ കലുങ്ക് നിർമിച്ചിട്ടുമില്ല. ചിലയിടങ്ങളിൽ ഓവുചാലിനുള്ളിലെ മണ്ണ് പൂർണമായും നീക്കം ചെയ്യാതെയാണ് സ്ലാബിട്ട് മൂടിയത്.

പ്രതിഷേധത്തെ തുടർന്ന് അരമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നിർമാണ കമ്പനിയുടെ വാഹനത്തിനു മുന്നിലും നാട്ടുകാർ പ്രതിഷേധമുയർത്തി. ഇതേതുടർന്ന് രാവിലെ ഏഴുമണിയോടെ തന്നെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമങ്ങൾ അധികൃതർ ആരംഭിക്കുകയും ചെയ്തു. വൈദ്യുതിക്കാലുകൾ മാറ്റിസ്ഥാപിക്കുന്നതിൽ കെ.എസ്.ഇ.ബി അധികൃതർ കാണിക്കുന്ന മെല്ലെപ്പോക്കും ഈ ഭാഗത്തെ നിർമാണപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴ കനക്കുന്നതിന് മുമ്പ് കന്നൂര് അങ്ങാടിയിലെ റോഡ് നവീകരണപ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. പ്രതിഷേധത്തിന് ധർമരാജ് കുന്നനാട്ടിൽ, സതീഷ് കന്നൂര്, സന്തോഷ് പുതുക്കുടി, ടി.എം. പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Kannur Road floods: Locals protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.