ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാത്ത ജീവനക്കാരെ പിരിച്ചുവിടുന്നു

ഉള്ള്യേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഉള്ള്യേരി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്​റ്റ്​ തസ്തികയിൽ ജോലി ചെയ്യുന്ന നാലുവർഷം സർവിസുള്ള ദിവസവേതനക്കാരെ തിടുക്കപ്പെട്ട് പിരിച്ചുവിടാൻ തീരുമാനിച്ചതായി പരാതി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആവശ്യപ്പെട്ട തുക നൽകാത്തതാണത്രെ കാരണം. ദുരിതാശ്വാസ നിധിയിലേക്ക് ആയിരം രൂപ വീതം നൽകാനാണ് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ആവശ്യപ്പെട്ടതെന്ന് താൽക്കാലിക ജീവനക്കാർ പറയുന്നു.

മറ്റുള്ള സ്ഥലങ്ങളിൽ കൊടുത്തതുപോലെ ഒരു ദിവസത്തെ വേതനം ഇവർ ജോലി ചെയ്യുന്ന ഓഫിസിൽ നൽകിയെങ്കിലും അത് കുറഞ്ഞുപോയെന്നുപറഞ്ഞ് പണം തിരികെ നൽകുകയും പിറ്റേദിവസം തന്നെ തിടുക്കപ്പെട്ട് എച്ച്.എം.സി മീറ്റിങ്​ ചേർന്ന് ഈ തസ്തികകളിലേക്ക് അഭിമുഖം തീരുമാനിക്കുകയും ചെയ്തത്രെ.

എന്നാൽ, കരാർ അടിസ്ഥാനത്തിൽ ആറു മാസത്തേക്കാണ് ഇവരുടെ നിയമനമെന്നും കാലാവധി കഴിഞ്ഞതിനാലാണ് പുതിയ അഭിമുഖം നടത്തുന്നതെന്നും, ദുരിതാശ്വാസ നിധിയിലേക്ക് താൽക്കാലിക ജീവനക്കാരോട് 1000 രൂപ തന്നെ നൽകണമെന്ന് നിർബന്ധം പിടിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി. പ്രതിഭ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.