പ്രതീകാത്​മക ചിത്രം

ചെങ്കുത്തായ മലമുകളിലെ കരിങ്കൽ ഖനനം: കൂമ്പാറ ഉരുൾപൊട്ടൽ ഭീതിയിൽ

തിരുവമ്പാടി: മഴ കനത്തതോടെ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ, കക്കാടംപൊയിൽ മേഖല ഉരുൾപൊട്ടൽ ഭീതിയിൽ. ചെങ്കുത്തായ മലമുകളിലെ കരിങ്കൽ ഖനനം കാരണം ഭൂമിയിലുണ്ടാകുന്ന ആഘാതം ദുരന്തത്തിന് ഇടയാക്കുമോയെന്ന ആധിയിലാണ് പ്രദേശവാസികൾ. കൂമ്പാറയിൽ മാത്രം അഞ്ചു കരിങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ആനക്കല്ലുംപാറ, തേക്കിൻചുവട്, പുന്നക്കടവ്, ബദാംചുവട് എന്നിവിടങ്ങളിലെ ക്വാറികൾ അടുത്തടുത്ത പ്രദേശങ്ങളിലാണ്. കക്കാടംപൊയിൽ തേനരുവിയിലും ഒരു വർഷത്തോളമായി കരിങ്കൽ ഖനനം തുടങ്ങിയിട്ടുണ്ട്. കൂമ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിലായി 2018 ആഗ്​റ്റിൽ 30ഓളം

ഉരുൾപൊട്ടലാണുണ്ടായത്. കൂടരഞ്ഞി കൽപിനിയിൽ ഒരു കുടുംബത്തിലെ പിതാവും മകനും ഉരുൾപൊട്ടലിൽ വീടു തകർന്ന് മരിച്ചിരുന്നു. 2018ലെ ഉരുൾപൊട്ടലിൽ കൂമ്പാറ ഗവ. ട്രൈബൽ സ്കൂളിലേക്കു മലവെള്ളവും അവശിഷ്​ടങ്ങളും ഒലിച്ചെത്തിയിരുന്നു. പ്രദേശത്തെ ക്വാറിക്കെതിരെ സ്കൂളിലെ രക്ഷിതാക്കൾ നേരത്തേ പരാതി നൽകിയിരുന്നു. ഖനനം സംബന്ധിച്ച പരാതികളിൽ ജിയോളജിസ്​റ്റ്​ നടപടി സ്വീകരിക്കാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആനക്കല്ലുംപാറ ക്വാറിയിലെ മൺകൂന സമീപത്തെ പുഴയിലേക്ക് ഒഴുകിയെത്തിയത് ഈയിടെ വലിയ ദുരിതമായിരുന്നു. മലമുകളിലെ ശക്തമായ ഉരുൾപൊട്ടൽ കൂമ്പാറ അങ്ങാടിയെയും നിരവധി വീടുകളെയും തകർക്കുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്. പരിസ്ഥിതി ദുർബല പ്രദേശമായ കൂമ്പാറ, കക്കാടംപൊയിൽ പ്രദേശങ്ങളിലെ വ്യാപക കരിങ്കൽ ഖനനം ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ പലപ്പോഴായി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ പ്രളയത്തെ തുടർന്ന് കൂടരഞ്ഞി വില്ലേജ് ഓഫിസർ കൂമ്പാറ മേഖലയിലെ അപകടഭീഷണി സംബന്ധിച്ച് വിശദ റിപ്പോർട്ട് കലക്ടർക്ക് കൈമാറിയിരുന്നു. 70 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശങ്ങളിലെ കരിങ്കൽ ഖനനം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോർട്ടിൽ തുടർനടപടികളൊന്നും ജില്ല ഭരണകൂടം സ്വീകരിച്ചിട്ടില്ല. മുഖ്യധാര രാഷ്​ട്രീയ പാർട്ടികളുമായുള്ള ക്വാറി ലോബിയുടെ 'ബന്ധ'മാണ് മനുഷ്യജീവന് ഭീഷണിയാകുംവിധം ജനവാസകേന്ദ്രങ്ങളിൽ കരിങ്കൽ ഖനനം തുടരുന്നതിന് കാരണമെന്ന് ഉരുൾപൊട്ടൽ ഭീഷണിയിൽ കഴിയുന്ന കൂമ്പാറ പ്രദേശവാസികൾ ആരോപിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.