ആനക്കാംപൊയിൽ -കള്ളാടി -മേപ്പാടി തുരങ്കപ്പാത രൂപരേഖ
തിരുവമ്പാടി: വയനാട്ടിലേക്കുള്ള നാലുവരി തുരങ്കപാതക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയതോടെ മലബാർ സ്വപ്നസാക്ഷാത്കാരത്തിനരികെ. നിർമാണം പൂർത്തിയായാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമാകും ആനക്കാംപൊയിൽ -മേപ്പാടി പാത. കോഴിക്കോടുനിന്ന് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്കുള്ള ദൂരം ഗണ്യമായി കുറക്കുന്ന തുരങ്കപാത വരുന്നതോടെ മലബാറിന്റെ ഗതാഗതരംഗത്തെ മുഖച്ഛായതന്നെ മാറും.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽനിന്നാണ് തുരങ്കപാതയിലേക്കുള്ള നാലുവരി പാത ആരംഭിക്കുന്നത്. ആനക്കാംപൊയിലിൽനിന്ന് മറിപ്പുഴയിലേക്ക് 6.6 കി.മീറ്റർ നാലുവരി പാതയും മറിപ്പുഴയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ 70 മീറ്റർ നീളത്തിൽ പാലവും നിർമിക്കും. മറിപ്പുഴയിൽനിന്ന് രണ്ട് കി.മീറ്റർ റോഡ് നാലുവരിപ്പാത പിന്നിട്ടാൽ തുരങ്കപാത തുടങ്ങുന്ന സ്വർഗം കുന്നിലെത്തും. സ്വർഗംകുന്ന് മുതൽ വയനാട് ജില്ലയിലെ കള്ളാടിവരെ 8.11 കി.മീറ്റർ ദൈർഘ്യത്തിലാണ് തുരങ്കം നിർമിക്കുക. തുടർന്ന്, ഒമ്പത് കി.മീറ്റർ ദൂരം സഞ്ചരിച്ചാൽ മേപ്പാടിയിലെത്താം. വെള്ളരിമല, ചെമ്പ്രമല എന്നിവ തുരന്നാണ് തുരങ്കപാത നിർമിക്കേണ്ടത്.
ആസ്ത്രേലിയൻ സാങ്കേതികവിദ്യയാണ് തുരങ്ക നിർമാണത്തിന് പ്രയോജനപ്പെടുത്തുന്നത്. തുരങ്കപാതയിൽ അഗ്നിരക്ഷാ സൗകര്യം, സി.സി.ടി.വി സംവിധാനം, ബ്രേക്ക് ഡൗണാകുന്ന വാഹനങ്ങൾ മാറ്റിയിടാനുള്ള പ്രത്യേക പാത, അപകടത്തിൽപെടുന്ന വാഹനങ്ങൾ പുറത്ത് എത്തിക്കാൻ സൗകര്യം, വായു മലിനീകരണ നിയന്ത്രണം തുടങ്ങിയവ ഉണ്ടാകും. 2134 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1341 കോടി രൂപ തുരങ്കപാത നിർമാണത്തിനും 160 കോടി രൂപ തുരങ്കപാതയിലേക്കുള്ള അപ്രോച്ച് റോഡിനുമാണ് വകയിരുത്തിയത്. തുരങ്കപാത നിർവഹണ ഏജൻസി കൊങ്കൺ റെയിൽവേ കോർപറേഷനാണ്. കിഫ്ബിയാണ് ഫിനാൻസ് ഏജൻസി. തുരങ്കപാത നിർമാണ കരാർ ബിൽഡ് കോൺ ലിമിറ്റഡും അപ്രോച് റോഡ് ചുമതല റോയൽ ഇൻഫ്രാസ്ട്രെക്ചർ കമ്പനിക്കുമാണ്.
താമരശ്ശേരി ചുരത്തിന് ബദൽ
തിരുവമ്പാടി: ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തിന് ബദൽ പാതയായി തുരങ്കപാത മാറും. 12 കി.മീറ്റർ ദൈർഘ്യമുള്ള താമരശ്ശേരി ചുരത്തിലെ ഒമ്പത് മുടി പിൻ വളവുകളാണ് യാത്രാദുരിതം വർധിപ്പിക്കുന്നത്.
ചുരത്തിൽ വലിയ വാഹനങ്ങൾ തകരാറിലാകുന്നതും അപകടങ്ങളുണ്ടാകുന്നതും കാരണം മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്ന സാഹചര്യമുണ്ട്. വയനാട്ടുകാർക്ക് കോഴിക്കോട്ടെ ആശുപത്രികളിലേക്കുള്ള പ്രധാന പാതയായ താമരശ്ശേരി ചുരത്തിലെ തടസ്സങ്ങൾ ദുരിതമായി മാറാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.