തിരുവമ്പാടി: പരിസ്ഥിതി ലോല പ്രദേശമായ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തുമ്പക്കോട്ട് മലയിൽ കരിങ്കൽ ക്വാറി അനുവദിക്കുന്നത് സംബന്ധിച്ച ചർച്ചയിൽ പഞ്ചായത്ത് ഭരണസമിതിയിൽ നാടകീയ രംഗങ്ങൾ. തിങ്കളാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലെ 10ാം അജണ്ടയായി ‘ക്വാറി അനുമതി അപേക്ഷ’ ഉൾപ്പെടുത്തിയിരുന്നു. യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ക്വാറി അനുമതിക്കുള്ള അപേക്ഷ നിരസിക്കണമെന്ന നിലപാട് സ്വീകരിച്ചതോടെയാണ് ഭരണസമിതിയിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്.
കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റിന്റെ നിലപാടിനെ രണ്ട് കോൺഗ്രസ് അംഗങ്ങൾ തുണച്ചു. അതേസമയം, ക്വാറിക്കെതിരെയുള്ള പരാതിക്കാരെ കേട്ടശേഷം കാര്യങ്ങൾ തീരുമാനിക്കണമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ഇതോടെ പഞ്ചായത്ത് പ്രസിഡന്റും രണ്ട് കോൺഗ്രസ് അംഗങ്ങളും യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
മുസ് ലിം ലീഗ് അംഗമായ വൈസ് പ്രസിഡന്റിന്റെ നിലപാടിനെ എൽ.ഡി.എഫിന്റെ ഏഴ് അംഗങ്ങളും കോൺഗ്രസിലെ മൂന്ന് അംഗങ്ങളും പിന്തുണച്ചതോടെ കോൺഗ്രസിലെ ഭിന്നതയും മറനീക്കി. ഒടുവിൽ വ്യക്തമായ തീരുമാനമാകാതെ യോഗം അവസാനിപ്പിക്കുകയായിരുന്നു.
തുമ്പക്കോട്ടുമല സംരക്ഷണ സമിതിയുടെ പരാതി കേട്ടശേഷം അടുത്ത ഭരണസമിതി യോഗത്തിൽ ക്വാറി അനുമതി വീണ്ടും അജണ്ടയിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. അതേസമയം, ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽനിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ ജില്ല കലക്ടറെ സമീപിക്കുമെന്ന് തുമ്പക്കോട്ട് മല സംരക്ഷണ സമിതി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.