വലിയങ്ങാടിയിൽ ചെറൂട്ടി റോഡിലെ സിൻഡിക്കേറ്റ് ബാങ്ക് കെട്ടിടം പൊളിക്കുന്നു

വലിയങ്ങാടിയിലെ സിൻഡിക്കേറ്റ് ബാങ്ക് കെട്ടിടം പൊളിച്ചുതുടങ്ങി

കോഴിക്കോട്: വലിയങ്ങാടിയിൽ അപകടഭീഷണിയുയർത്തിയ ബാങ്ക് കെട്ടിടം പൊളിച്ചുതുടങ്ങി. സിൻഡിക്കേറ്റ് ബാങ്കിന്‍റെ അര നൂറ്റാണ്ടിലേറെ പഴക്കമുള്ള മൂന്നുനില കോൺക്രീറ്റ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്.

ജീർണിച്ച് പൊളിഞ്ഞുവീഴാറായ കെട്ടിടം ജീവനും സ്വത്തിനും ഭീഷണിയാണെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കോഴിക്കോട് കോർപറേഷൻ വിഷയത്തിൽ ഇടപെട്ടിരുന്നു. ബാങ്ക് അധികൃതർ ടെൻഡറിലൂടെയാണ് പൊളിച്ചുനീക്കാൻ കരാർ കൊടുത്തത്. മുകൾനിലയിൽ നിന്നാണ് പൊളി ആരംഭിച്ചത്. പൊളിക്കുമ്പോൾ അപകടസാധ്യതയുള്ളതിനാൽ പൊലീസ് ഇടപെട്ട് അപകട ഭീഷണി ഒഴിവാക്കണമെന്ന് വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ ആവശ്യപ്പെട്ടു.

കെട്ടിടം ജീർണാവസ്ഥയിലായതിനാൽ പൊളിക്കുന്നതിനിടെ റോഡിലേക്ക് വീഴുമോയെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ഫയർഫോഴ്സ് കെട്ടിടം പരിശോധിച്ച് ഉടൻ പൊളിച്ചു നീക്കണമെന്ന് റിപ്പോർട്ട് നൽകിയിരുന്നു. വർഷങ്ങൾക്കുമുമ്പ് കെട്ടിടം ജീർണാവസ്ഥയിലായതിനെ തുടർന്ന് ബാങ്കിന്‍റെ പ്രവർത്തനം തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഉപയോഗശൂന്യമായ കെട്ടിടം ജനജീവിതത്തിന് ഭീഷണിയായി. പലതവണ കെട്ടിടത്തിന്‍റെ മേൽഭാഗങ്ങൾ ഉൾപ്പെടെ അടർന്നുവീണ് വാഹനങ്ങൾ തകർന്നു.

ചെറൂട്ടി റോഡിനോട് ചേർന്നുള്ള കെട്ടിടമായതിനാൽ റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും ജനങ്ങൾക്കും ഭീഷണിയായിത്തുടങ്ങി. ഒരുകാലത്ത് വ്യാപാര കേന്ദ്രത്തിലെ പ്രധാന ബാങ്ക് ആയിരുന്നു ഇത്. 2020ൽ സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ചതാണ്.

Tags:    
News Summary - The Syndicate Bank building in Valiyangadi is demolishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.