ദേശീയപാതയിൽ അഴിയൂർ റീച്ചിൽ തകർന്ന സംരക്ഷണഭിത്തി
വടകര: ദേശീയപാത നിർമാണത്തിനിടെ സോയിൽ നെയിലിങ് നടത്തി തകർന്ന് വീണ മുക്കാളിയിലെ പാർശ്വഭിത്തി പുനർ നിർമിക്കുക്കുമ്പോൾ സമീപ വാസികളുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ശക്തമാവുന്നു. അശാസ്ത്രീയ നിർമാണത്തെ തുടർന്ന് രണ്ട് വർഷം മുമ്പാണ് മുക്കാളിയിൽ പാർശ്വഭിത്തി തകർന്ന് വീണത്. ഇതോടെ സമീപത്തെ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കണമെന്നും ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ദേശീയപാത അതോറിറ്റി ഉൾപെടെയുള്ളവർക്ക് പരാതികൾ നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ല. മുക്കാളിയിൽ സോയിൽ നെയിലിങ് നടത്തി തകർന്ന സംരക്ഷണ ഭിത്തിയുടെ പുനർനിർമാണം ഗൾഫാർ എൻജിനിയറിങ് കമ്പനിയാണ് ഏറ്റെടുത്തത്.
ഇവിടെ പടിഞ്ഞാറ് ഭാഗത്ത് രാധ കൺസ്ട്രക്ഷൻ കമ്പനി കോൺക്രീറ്റ് ഭിത്തി നിർമിച്ചിരുന്നു. എന്നാൽ മറുഭാഗത്ത് തകർന്ന ഭാഗം ഒന്നും ചെയ്തിരുന്നില്ല. കടുത്ത വേനലിൽ നടത്തിയ പ്രവൃർത്തിക്കിടെ ഇവിടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായിരുന്നു. മുക്കാളിയിൽ ഗൾഫാർ വൈകാതെ തന്നെ ഈ പ്രവൃർത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലവർഷം പടിവാതിലിൽ എത്തി നിൽക്കെ പാർശ്വഭിത്തി പുനർനിർമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്. റോഡിന്റെ ചെങ്കുത്തായ പല ഭാഗങ്ങളും അപകട ഭീഷണി ഉയർത്തുന്നുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥക്ക് അനുയോജ്യമല്ലാത്ത സോയിൽ നെയിലിങ് നിർമാണ രീതി അവലംബിച്ചതാണ് പാർശ്വഭിത്തി തകരാനിടയാക്കിയത്. നിലവിൽ ഈ ഭാഗം ഏത് രീതിയിലാണ് പുനർനിർമിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിനോട് ചേർന്ന് നേരത്തെ പ്രവൃത്തി നടത്തിയത് യാതൊരു വിധ സുരക്ഷ സംവിധാനങ്ങളും ഒരുക്കാതെയായിരുന്നു. ഇത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു.
അഴിയൂർ വെങ്ങളം റീച്ചിൽ 250 കോടിയിൽ പരം രൂപയുടെ പ്രവൃത്തിയാണ് അദാനി ഗ്രൂപ്പ് പുതുതായി ഉപകരാർ നൽകിയത്. ഇഴഞ്ഞ് നീങ്ങുന്ന നിർമ്മാണ പ്രവൃർത്തിക്കെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അദാനി പുതിയ കമ്പനികൾക്ക് ഉപകരാർ നൽകിയത്. പുതിയ കരാർ കരാർ പ്രകാരമുള്ള പ്രവൃർത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.