മോഷ്ടാവിന് മനസ്താപം; അടക്കയുടെ ഭാഗികവില തിരികെ ഏൽപിച്ചു

ഓമശ്ശേരി: മോഷ്ടിച്ച അടക്കയുടെ വിലയും മോഷ്ടിക്കാനുണ്ടായ സാഹചര്യം വ്യക്തമാകുന്ന കത്ത് അടങ്ങിയ കവറും കൈമാറി മോഷ്ടാവിന്റെ മനസ്താപം. പുളിയാർ തൊടികയിൽ അഹമ്മദ് കുട്ടിയുടെ വീട്ടിൽനിന്നാണ് കഴിഞ്ഞദിവസം പൊളിച്ച അടക്ക മോഷണംപോയത്. മോഷണവാർത്ത സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

വ്യാഴാഴ്ച രാത്രിയാണ് 2500 രൂപയും മോഷണം വിശദീകരിക്കുന്ന കത്തുമടങ്ങിയ കവർ അഹമ്മദ് കുട്ടിയുടെ വീട്ടിൽ കൊണ്ടുവന്നു നിക്ഷേപിച്ചത്. വെള്ളമടിക്കാനായിരുന്നു മോഷണം. ഇനിയും മോഷ്ടിക്കും എന്നു വിശദീകരിക്കുന്ന കത്തിലെ വരികൾ ഇപ്രകാരമാണ്: ''അയമുട്യേ, അന്റെ കുറച്ചു അടക്ക ഞങ്ങൾ തണ്ണി അടിക്കാൻ കാശ് ഇല്ലാത്തപ്പം എടുത്തിനി. അയിന്റെ പൈസ ഇതാ ഇതിൽ ഇട്ട് തരണ്. പൈസ ഇല്ലാത്തപ്പം ഇനിയും ഞങ്ങൾ എടുക്കും. ശ്രദ്ധിക്കണം ട്ടോ. എടുത്താലും തിരിച്ചുതരും.'' മോഷ്ടാവിന്റെ കുറിപ്പിലെ വാക്കുകളാണിവ.

കുറിപ്പിനൊപ്പം അടക്കവിലയായ 2500 രൂപയും കവറിലുണ്ടായിരുന്നു. പൊളിച്ചുവെച്ച കൊട്ടടക്കയാണ് മോഷണം പോയത്. അതേസമയം, അടക്കയുടെ യഥാർഥ തുക നൽകിയില്ലെന്ന് അടക്ക നഷ്ടപ്പെട്ടവർ പറഞ്ഞു. 25 കിലോഗ്രാം അടക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു 10,000 രൂപയെങ്കിലും വില വരുമേത്ര.

Tags:    
News Summary - the thief handing over the price of the stolen item

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.