ഹ​രി​ത ക​ർ​മ്മ സേ​ന പ്ര​വ​ർ​ത്ത​ക​ർ ബീ​ച്ചി​ലെ മാ​ലി​ന്യ​ം നീ​ക്കം ചെ​യ്യു​ന്നു

നഗരത്തിന്റെ അഴക് വീണ്ടെടുക്കാൻ പുത്തൻ മാലിന്യ ശേഖരണരീതി

കോഴിക്കോട്: കോര്‍പറേഷന്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ശുചിത്വ ചട്ടം 'അഴക്' പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഹരിതകർമ സേനയുടെ മാലിന്യശേഖരണ രീതി മാറും. ഒക്ടോബർ രണ്ടു മുതൽ പുതിയ ശേഖരണരീതി നടപ്പാക്കുമെന്ന് കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി അറിയിച്ചു.

മാലിന്യനീക്കം സമയബന്ധിതമായി കാര്യക്ഷമമാക്കാൻ ഓരോ മാസവും ഓരോ തരത്തിലുള്ള അജൈവ മാലിന്യം നീക്കാനാണ് തീരുമാനം. വീടുകളിൽനിന്ന് വിവിധയിനം അജൈവ മാലിന്യം ഒന്നിച്ച് ചാക്കിലാക്കി നൽകുമ്പോൾ തരം തിരിച്ച് റീസൈക്ലിങ് പ്ലാന്‍റിലേക്കും മറ്റും കൊടുക്കാൻ പ്രയാസമാണ്.

ഇത് പരിഹരിക്കാനാണ് ഓരോ മാസവും ഓരോ തരത്തിലുള്ള പാഴ്വസ്തു ശേഖരിക്കുന്നത്. ഒരു തരത്തിലും റീസൈക്കിൾ ചെയ്യാൻ പറ്റാത്തവ ആറ് മാസത്തിൽ ഒരിക്കലും ശേഖരിക്കും. ഒരു ദിവസംകൊണ്ട് ഒരു വാർഡിലെ ശേഖരണം പൂർത്തിയാക്കും. ഇതിനായി ക്ലസ്റ്റർ കമ്മിറ്റികൾ രൂപവത്കരിച്ച് യോഗങ്ങൾ നടത്തിയ വാർഡുകളിൽ അടുത്ത മാസം രണ്ട് മുതൽ പുതിയ ശേഖരണ രീതി നടപ്പാക്കാനാണ് തീരുമാനം.

വീട്, സ്ഥാപനം എന്നിവിടങ്ങളിൽനിന്ന് കിട്ടുന്ന പാഴ്വസ്തുക്കൾ തരം തിരിക്കാൻ മൂന്ന് മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി കേന്ദ്രങ്ങൾ (എം.ആർ.എഫ്) പ്രവർത്തന സജ്ജമായി. നെല്ലിക്കോട്, ഞെളിയൻ പറമ്പ്, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളൊരുക്കിയത്. മാലിന്യങ്ങൾ 37 ഇനങ്ങളാക്കിയാണ് ഇവിടെ വേർതിരിക്കുക. ജനങ്ങളുടെ പങ്കാളിത്തത്തോടെ മാലിന്യസംസ്കരണം ഉറപ്പാക്കുകയാണ് ക്ലസ്റ്റർ കമ്മിറ്റികളുടെ പ്രധാന ദൗത്യം.

ശുചിത്വവും മാലിന്യസംസ്കരണവും ഭരണകൂടത്തിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്ന നില മാറ്റുകയാണ് ലക്ഷ്യം. വിവിധ സംഘടനകൾ, റെസിഡന്‍റ്സ് അസോസിയേഷനുകൾ, സന്നദ്ധ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെല്ലാം ഉൾപ്പെട്ടതാണ് വാർഡ് സമിതികൾ.

ഇവ എല്ലാ വാർഡിലും രൂപവത്കരിച്ചു. ഒരു വാർഡിൽ 50 വീടിന് ഒന്ന് എന്ന രീതിയിൽ ക്ലസ്റ്റർ രൂപവത്കരിച്ച് അഞ്ചംഗ ക്ലസ്റ്റർ കമ്മിറ്റികൾ രൂപവത്കരിക്കുന്ന പ്രവർത്തനം നടന്നുവരുന്നു. ഇത്തരം ക്ലസ്റ്റർ കമ്മിറ്റി വഴി ഓരോ പ്രദേശത്തും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യം.

അഴക് പദ്ധതി വിജയിക്കണമെങ്കിൽ ജനങ്ങളുടെ സഹകരണം കൂടിയേ തീരൂവെന്നാണ് കോർപറേഷൻ കരുതുന്നത്. റോഡരികിലുള്ള മാലിന്യങ്ങൾ തരം തിരിച്ച് കയറ്റി അയക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും സെക്രട്ടറി അറിയിച്ചു.

ശുചിത്വ ചട്ടങ്ങൾ നടപ്പാക്കുന്നതിന് വിവിധ മേഖലകളിലുള്ളവർക്ക് പരിശീലനം നൽകാനായി എരഞ്ഞിപ്പാലം ശേഖരൻ മെമ്മോറിയൽ ഹാൾ പ്രത്യേക പരിശീലന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഹരിതകർമ സേനാംഗങ്ങൾക്കടക്കം പ്രത്യേക പരിശീലനം നൽകും. 2022 ഏപ്രിൽ രണ്ടിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഴക് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - new waste collection method to reclaim the city's dirt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.