ദേശീയപാത 66 അഴിയൂർ-വെങ്ങളം റീച്ചിലെ കുന്നിയോറ മലയിൽ നിർമാണം പുരോഗമിക്കുന്നു

ദേശീയപാത 66; അഴിയൂർ-വെങ്ങളം റീച്ചിലെ നിർമാണം വേഗത്തിലാക്കാൻ അദാനി ഗ്രൂപ്പ്

കോഴിക്കോട്: ദേശീയപാത 66 ന്റെ നിർണായകമായ അഴിയൂർ-വെങ്ങളം റീച്ചിൽ നിർമാണ പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ അദാനി ഗ്രൂപ്പ്. പ്രവൃത്തിയുടെ ഉപകരാർ ഏറ്റെടുത്ത വഗാഡിന് പുറമെ കെല്ലർ ഗ്രൗണ്ട് എൻജിനീയറിങ്, ഗൾഫാർ എൻജിനീയറിങ് എന്നീ രണ്ട് കമ്പനികൾക്കുകൂടി നിർമാണ കരാർ നൽകി. പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയും വഗാഡിനെതിരേ നിരവധി പരാതികൾ ലഭിക്കുകയുംകൂടി ചെയ്ത സാഹചര്യത്തിലാണ് പുതിയ കമ്പനികൾക്കുകൂടി കരാർ നൽകാൻ അദാനി ഗ്രൂപ്പ് നിർബന്ധിതരായത്.

വടകര ഭാഗത്തെ 250 കോടി രൂപയുടെ നിർമാണ പ്രവൃത്തിയാണ് പുതിയ കമ്പനികൾക്ക് കൈമാറിയത്. ഈ ഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലായത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും പതിവായിരുന്നു. വെങ്കളം-അഴിയൂർ റീച്ചാണ് ദേശീയ പാത 66 ൽ ആദ്യം നിർമാണം തുടങ്ങിയത്. എന്നാൽ, സർവീസ് റോഡുകളുടെ നിർമാണ ഇവിടെ തുടങ്ങിയിട്ടില്ല. മഴ പെയ്താൽ നടന്നുകൊണ്ടിരിക്കുന്ന പണികളും നിലക്കും.

കൈനാട്ടി, പെരുവാട്ടുംതാഴെ, അടക്കാതെരു ജങ്ഷൻ, വടകര പുതിയ സ്റ്റാൻഡ്, കരിമ്പനപാലം എന്നിവിടങ്ങളിൽ മേൽപാലങ്ങളുടെ അപ്രോച്ച് റോഡിന്റെ ഭാഗങ്ങളും മുക്കാളിയിൽ നിർമാണത്തിനിടെ തകർന്ന് വീണ സോയിൽ നെയിലിങ് നടത്തിയ ഭാഗങ്ങളുമാണ് പുതിയ കമ്പനികളെ ഏൽപ്പിച്ചത്. മുക്കാളിയിലെ പ്രവൃത്തി ഗൾഫാർ ഗ്രൂപ്പാണ് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയായിട്ടുണ്ട്.

വടകര ടൗണിനോട് ചേർന്ന് കരിമ്പനപ്പാലത്ത് മണ്ണ് ദുർബലമായ ഭാഗങ്ങളിൽ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുക. ഭൂമിയെ ശക്തിപ്പെടുത്തുന്ന വൈബ്രോ കംപാക്ഷൻ (സ്‌റ്റോൺ കോളം) സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കുന്നത്. അതേസമയം നേരത്തെ ഏറ്റെടുത്ത പ്രവൃത്തികളുമായി വഗാഡ് മുന്നോട്ട് പോകും. പുതിയ കരാർ പുതിയ കമ്പനികളെ ഏൽപ്പിച്ച് പ്രവൃത്തി സമയ ബന്ധിതമായി പൂർത്തീകരിക്കാനാണ് അദാനി കമ്പനിയുടെ ശ്രമം. വടകര ഭാഗത്ത് നിർമാണം വേഗത്തിലാക്കാൻ ഈ രണ്ട് കമ്പനികൾക്ക് പുറമെ ഐ.ടി.ഡി സെമന്റേഷൻ ഇന്ത്യ ലിമിറ്റഡ്, കെ.എൻ.ആർ.സി തുടങ്ങിയ കമ്പനികൾക്ക് കൂടി നിർമാണ കരാർ നൽകാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റ ചർച്ച അന്തിമ ഘട്ടത്തിലാണ്.

ജില്ലയിലെ ദേശീയപാത 69.2 കിലോമീറ്റർ ദൂരത്തിലായി രണ്ട് റീച്ചുകളാണുള്ളത്. രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോമീറ്റർ ഒരു റീച്ചും വെങ്ങളം മുതൽ അഴിയൂർ വരെ 40.8 കിലോമീറ്റർ രണ്ടാമത്തെ റീച്ചും. ഇതിൽ രാമനാട്ടുകര-വെങ്ങളം റീച്ചിൽ പ്രവൃത്തികൾ 99 ശതമാനവും പൂർത്തീകരിച്ച് വാഹനങ്ങൾക്കായി തുറന്ന് നൽകിയിട്ടുണ്ട്. 

Tags:    
News Summary - National Highway 66; Adani Group to speed up construction in the Azhiyur-Vengalam reach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.