കാരശ്ശേരി പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്ത മേഖലയിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗങ്ങൾ ബോധവത്കരണം നടത്തുന്നു

കാരശ്ശേരിയിൽ ഒരാൾക്കുകൂടി ഷിഗെല്ല; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഒന്നാം വാർഡിൽ ആറു വയസ്സുകാരന് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. നേരത്തേ 18ാം വാർഡിലെ പത്തു വയസ്സുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി.

പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, ആശ വർക്കർമാർ, പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പ്രത്യേകയോഗം ചേർന്നു.രോഗം റിപ്പോർട്ട് ചെയ്തത് രണ്ട് വാർഡുകളിലും വരും ദിവസങ്ങളിൽ പ്രത്യേകയോഗം വിളിച്ചു ചേർക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും തീരുമാനിച്ചു.

കിണറുകൾ ഉൾപ്പെടെ ജലസ്രോതസ്സുകളിൽ അണുനശീകരണം നടത്താനും കിണറുകളിലെ വെള്ളം പരിശോധനക്കയക്കാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തും. പഞ്ചായത്തിലെ മത്സ്യ മാംസക്കടകളിലും ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തും.

വയറിളക്കം, ഛർദി, വയറുവേദന എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിത്സ തേടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. മലമൂത്ര വിസർജനം നടത്തിയശേഷം കൈകൾ സോപ്പിട്ട് കഴുകണം. പഴകിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം. ഏറെ നാൾ ഫ്രീസറിൽ സൂക്ഷിച്ച ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷത വഹിച്ചു. സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ശാന്താദേവി, കുഞ്ഞാലി മമ്പാട്ട്, കെ.കെ. നൗഷാദ്, റുഖിയ റഹീം, ഇ.പി. അജിത്ത്, മെഡിക്കൽ ഓഫിസർ പി.പി. സജ്ന, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അരുൺലാൽ, ജെ.എച്ച്.ഐ സുധ, സെക്രട്ടറി കെ. സീനത്ത്, ആർ. ഹരി, എം. ദേവി, കെ. സുലൈഖ എന്നിവർ സംബന്ധിച്ചു. 

Tags:    
News Summary - Shigella confirmed to one more in karassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.