മുക്കം നഗരസഭയിലെ അഗസ്ത്യന്മുഴി കരിമ്പിൽ കോളനിയിൽ ആൾമറ ജീർണിച്ച് അപകടാവസ്ഥയിലായ കിണർ
മുക്കം: ഏതു വേനലിലും വറ്റാത്തത്ര വെള്ളമുണ്ടായിട്ടും ഉപയോഗിക്കാൻ ഭാഗ്യമില്ലാതെ നിരവധി കുടുംബങ്ങൾ. മുക്കം നഗരസഭയിലെ അഗസ്ത്യന്മുഴി കരിമ്പിൽ കോളനിയിലെ കുടുംബങ്ങളാണ് കൺമുന്നിലെ കിണറ്റിൽ വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാതെ കഴിയുന്നത്. 40 വർഷം മുമ്പ്, മുക്കം ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്താണ് പൊതുകിണർ നിർമിച്ചത്. കരിമ്പിൽ കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ഒരുക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ, കിണർ കുഴിച്ചതിനു ശേഷം ഇതുവരെ ഒരു അറ്റകുറ്റപ്പണിയും എടുക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് കോളനിവാസികൾ പറയുന്നു. ആൾ മറയും പടവുകളുമെല്ലാം ഏതുനിമിഷവും കിണറ്റിലേക്ക് പതിക്കാമെന്ന നിലയിലാണ്. വെള്ളം കോരാൻ ഉപയോഗിച്ചിരുന്ന കപ്പിയും തൂണുമെല്ലാം കാലപ്പഴക്കത്താൽ ഇടിഞ്ഞുപൊളിഞ്ഞു വീണതോടെ വെള്ളം കോരാൻ പറ്റാത്ത അവസ്ഥയായി. ഇതോടെ അരക്കിലോമീറ്റർ അകലെയുള്ള പുഴയിൽ പോയി അലക്കുകയും കുളിക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് കോളനിവാസികൾ.
കോളനിയിലെ മൂന്ന് കുടുംബങ്ങൾ മാത്രമാണ് കിണറ്റിൽ മോട്ടോർവെച്ച് വെള്ളം ഉപയോഗിക്കുന്നത്. മറ്റു കുടുംബങ്ങൾക്ക് ഇതിന് സാമ്പത്തികമായി ശേഷി ഇല്ലാത്തതിനാൽ പ്രദേശത്തെ മറ്റു കിണറുകളിൽനിന്ന് കുടിവെള്ളം തലച്ചുമടായി കൊണ്ടുവന്ന് ഉപയോഗിക്കേണ്ട സ്ഥിതിയാണ്. ആൾമറ ഉൾപ്പെടെ ഏതു നിമിഷവും താഴേക്ക് പതിച്ചേക്കാമെന്ന അവസ്ഥയായതിനാൽ കിണറ്റിൽ ഇറങ്ങാൻ കോളനിവാസികൾക്ക് ഭയമാണ്.
ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ കുടിവെള്ള വിതരണത്തിനായി ചെലവഴിക്കുന്ന മുക്കം നഗരസഭയിലാണ് അധികൃതരുടെ അനാസ്ഥയിൽ ഒട്ടേറെ കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത്. കിണർ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നഗരസഭ ചെയർമാനും കൗൺസിലർക്കും പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. പെട്ടെന്ന് കിണർ നവീകരിച്ച് ഉപയോഗപ്രദമാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.