മുക്കം നഗരസഭ: പദ്ധതി നടത്തിപ്പിൽ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

മുക്കം: നഗരസഭയിൽ പദ്ധതിനിർവഹണത്തിൽ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട്. ടൗണിലെ നടപ്പാത നവീകരണ പദ്ധതി, മാലിന്യസംഭരണ-തരംതിരിക്കൽ കേന്ദ്രത്തിന്റെ നവീകരണം എന്നീ പ്രവൃത്തികൾക്കും റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തിക്കുമായി തുക വകയിരുത്തിയതിലും ക്രമക്കേടും അഴിമതിയും നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ട് വിരൽചൂണ്ടുന്നത്.

കരാർ റദ്ദാക്കാതെ പദ്ധതിതുക വകമാറ്റി വിനിയോഗിച്ച് 2,28,998 രൂപയുടെ നഷ്ടമുണ്ടാക്കി. ചെലവിൽ കുറവ് വരുത്താമായിരുന്ന മേൽ തുക, നഗരസഭ ഫണ്ടിന്റെ നഷ്ടമായി കണക്കാക്കി ഇതിനു സാഹചര്യമൊരുക്കിയ നിർവഹണ ഉദ്യോഗസ്ഥനിൽനിന്നും എസ്റ്റിമേറ്റ് പുതുക്കി നിർമാണം നടത്താൻ അംഗീകാരം നൽകിയ ഭരണസമിതി അംഗങ്ങളിൽനിന്നും തുല്യമായി ഈടാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ജൂലൈയിൽ നഗരസഭക്കു ലഭിച്ച ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞദിവസമാണ് കൗൺസിലർമാർക്ക് വിതരണം ചെയ്തത്. മൂന്നുമാസം റിപ്പോർട്ട് നഗരസഭ പൂഴ്ത്തി വെക്കുകയായിരുന്നുവെന്ന് യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാർ ആരോപിച്ചു.

മുക്കം ടൗണിലെ നടപ്പാത നവീകരണത്തിന്റെ പ്രവൃത്തിയും സ്ഥലവും മാറ്റിയിട്ടും കരാർ റദ്ദാക്കാതെയാണ് നിർവഹണം നടത്തിയത്. ടൗണിൽ അഭിലാഷ് ജങ്ഷൻ, പി.സി ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള നടപ്പാതയുടെ ഇന്റർലോക്ക് പ്രവൃത്തിയും ഹാൻഡ് റെയിൽ നിർമാണവുമായിരുന്നു പദ്ധതി.

എന്നാൽ, പ്രവൃത്തി നടത്താനുദ്ദേശിച്ചിരുന്ന സ്ഥലം പൊതുമരാമത്ത് നടപ്പാക്കുന്ന നഗരസൗന്ദര്യവത്കരണ പദ്ധതിയിൽപെട്ടതിനാൽ പദ്ധതി തുക മാർക്കറ്റ് ജങ്ഷൻ മുതൽ അരീക്കോട് സ്റ്റാൻഡ് വരെ കോൺക്രീറ്റ് ചെയ്യാൻ മാറ്റുകയായിരുന്നു.

മാർക്കറ്റ് റോഡിന്റെ നിർമാണം നടത്തുകയും തുക കരാറുകാരന് നൽകുകയും ചെയ്തു. പ്രവൃത്തിയിൽ മാറ്റമുണ്ടായിട്ടും കരാർ റദ്ദ് ചെയ്ത് റീ കാസ്റ്റ് ചെയ്യാതെ പഴയ പദ്ധതിതുകയും നിർവഹണവും അതേ കരാറുകാരന് നൽകുകയായിരുന്നു. ജില്ല ആസൂത്രണ ബോർഡിന്റെ അംഗീകാരം വാങ്ങിയതും നടപ്പാത നിർമാണത്തിനാണ്.

മുക്കം അങ്ങാടിയിലെ ഓവുചാൽ ഉൾപ്പെടെയുള്ള നിർമാണപ്രവർത്തനങ്ങൾക്ക് നഗരസഭ മാറ്റിവെച്ച 13 ലക്ഷത്തിലധികം രൂപ സർക്കാർ നിർദേശങ്ങൾ അവഗണിച്ച് ആസൂത്രണ ബോർഡിനെയും ജനങ്ങളെയും കബളിപ്പിച്ചാണ് ചെലവഴിച്ചതെന്നും കരാറുകാരന് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനായി നഗരസഭ കൂട്ടുനിൽക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

എം.ആർ.എഫ് നിർമാണത്തിന്റെ ഭാഗമായി സർവ്ഡ് ഡേറ്റ തയാറാക്കിയതിലും പദ്ധതിതുക നൽകിയതിലും അപാകത കണ്ടെത്തിയിട്ടുണ്ട്. നഗരസഭയിൽ നിർവഹണം നടത്തിയ വിവിധ റോഡുകളുടെ കോൺക്രീറ്റ് പ്രവൃത്തികളുടെ ടെൻഡർ വിശദാംശം പരിശോധിച്ചാൽ മുഴുവൻ പ്രവൃത്തികളും അടങ്കൽ തുകയുടെ ശരാശരി 23 ശതമാനം ടെൻഡർ കുറവിലാണ് ഏറ്റെടുത്ത് നടപ്പാക്കിയിട്ടുള്ളത്.

നഗരസഭയുടെ സാമ്പത്തിക താൽപര്യം ഉറപ്പാക്കുന്ന ഇടപെടൽ നിർവഹണ ഉദ്യോഗസ്ഥന്റെയോ കൗൺസിലിന്റെയോ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ 24ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചർച്ചചെയ്യുമെന്നും വിശദമായ മറുപടി നൽകുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു 'മാധ്യമ'ത്തോട് പറഞ്ഞു. അഴിമതി ആരോപണം അടിസ്ഥാനരഹിതമാണ്. ഫണ്ട് നഷ്ടമാകാതിരിക്കാൻ 33 കൗൺസിൽ അംഗങ്ങളുടെയും പിന്തുണയോടെയാണ് തീരുമാനങ്ങളെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. 

Tags:    
News Summary - Mukkam Municipal Corporation-Audit report alleging irregularity in project implementation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.