സ്ഥലത്ത് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു
മുക്കം: രണ്ടാഴ്ചയോളമായി പുലി ഭീതി നിലനിൽക്കുന്ന കാരശ്ശേരി വല്ലത്തായ് പാറയിൽ നാട്ടുകാർ വീണ്ടും പുലിയെ കണ്ടു. ഇന്നലെ പുലച്ച 3.30 ഒാടെയാണ് സംഭവം. ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് നാട്ടുകാർ രണ്ടുദിവസമായി രാത്രിയിൽ തിരച്ചിൽ നടത്തിയിരുന്നു. ഇത്തരത്തിൽ തിരയുമ്പോഴാണ് പുലിയെ കണ്ടത്. നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തി. നേരത്തെ സ്ഥാപിച്ച കാമറ പരിശോധിച്ചെങ്കിലും ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പുലിയെ വീണ്ടും കണ്ടതിന്റെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
എന്നാൽ, കൂട് സ്ഥാപിക്കണമെങ്കിൽ ചീഫ് വൈൽഡ് ഓഫിസറുടെ ഉത്തരവു വേണമെന്ന് ഉദ്യോഗസ്ഥർ നാട്ടുകാരെ ബോധ്യപ്പെടുത്തി. പ്രദേശത്ത് രാത്രി വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുകയും ഒരു കാമറ കൂടി സ്ഥാപിക്കാനും തീരുമാനമായി. പ്രദേശം പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു. അടിയന്തരമായി കൂടുതൽ കാമറ സ്ഥാപിക്കുവാനും ജനങ്ങളുടെ ഭീതി അകറ്റാനുംവേണ്ട നടപടി സ്വീകരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര എന്നിവർ പറഞ്ഞു. അഷ്റഫ് തച്ചാറമ്പത്ത്, ഇ.പി. അജിത്ത്, ബാബു തോണ്ടയിൽ, ഇ.പി. ഉണ്ണികൃഷ്ണൻ, ഉസ്മാൻ പുളിക്കൽ, ഇ.പി. ഗോപാലൻ, ടോമി പുതുപ്പറമ്പിൽ, നജീബ് വളപ്പൻ എന്നിവർ സംബന്ധിച്ചു. അതേ സമയം ഇന്നലെ രാവിലെ വല്ലത്തായിപാറയിൽ പുലിയെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ വന്ന വിഡിയോ വ്യാജമാണെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.