പ്രതീകാത്മക ചിത്രം
മുക്കം: ജില്ലയിൽതന്നെ ഏറ്റവുമധികം ക്വാറി-ക്രഷർ യൂനിറ്റുകൾ പ്രവർത്തിക്കുന്ന പഞ്ചായത്തുകളിലൊന്നായ കാരശ്ശേരിയിൽ വീണ്ടും പുതിയ ക്വാറികൾക്കായി അണിയറയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. അതിനിടെ പഞ്ചായത്തിലെ കറുത്ത പറമ്പ് 12ാം വാർഡിൽ കക്കാട് വില്ലേജിലെ ബ്ലോക്ക് നമ്പർ ഒന്നിൽപെട്ട വിവിധ സർവേ നമ്പറുകളിലായി 1.4145 ഹെക്ടർ സ്ഥലത്താരംഭിക്കാൻ നീക്കം നടക്കുന്ന ക്വാറിയുടെ പൊതു ഹിയറിങ്ങിൽ പങ്കെടുക്കാത്ത ഇടത് അംഗങ്ങളുടെ നിലപാട് ചർച്ചയാവുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചർച്ചയിലാണ് പഞ്ചായത്തിൽ എട്ട് അംഗങ്ങളുള്ള ഇടത് മുന്നണിയിൽനിന്ന് ഒരാൾപോലും പങ്കെടുക്കാതിരുന്നത്. ആഗസ്റ്റ് 14ാം തീയതി നടന്ന ഭരണ സമിതി യോഗ തീരുമാനപ്രകാരം പൊതു തെളിവെടുപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, നിർദിഷ്ട വാർഡ് മെംബർ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്ന് തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനിൽക്കെയാണ് ഇടതുപക്ഷത്തുനിന്ന് ഒരാൾപോലും പങ്കെടുക്കാതിരുന്നത്. മാത്രമല്ല, ജൂൺ 13ന് ചേർന്ന ഭരണസമിതി യോഗത്തിലെ 7/1 നമ്പർ തീരുമാനത്തിന്റെ കോപ്പി കവറിങ് ലെറ്റർ സഹിതം പ്രസിഡന്റും സെക്രട്ടറിയും ഒപ്പിട്ട് ഹിയറിങ്ങിൽ രേഖാമൂലം നൽകാനും വിവിധ ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരുടെ വിദഗ്ധ സമിതിയെവെച്ച് പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം പുതിയ ക്വാറികൾക്ക് ലൈസൻസ് അനുവദിച്ചാൽ മതി എന്നുള്ള തീരുമാനം അറിയിക്കാനും ഐകകണ്ഠ്യേന തീരുമാനമെടുത്തിരുന്നു. ഇത്രയും ഗൗരവമായ വിഷയമായിട്ടും ഇടത് അംഗങ്ങൾ വിട്ടുനിന്നത് ക്വാറി മാഫിയയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.
അതേസമയം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, നിർദ്ദിഷ്ട വാർഡ് മെംബർ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കണമെന്നാണ് തീരുമാനിച്ചതെന്നും പങ്കെടുക്കേണ്ടവരുടെ പേരുകളിൽ ‘മറ്റു ഭരണസമിതി അംഗങ്ങൾ’ പിന്നീട് എഴുതിച്ചേർത്തതാണെന്നുമാണ് ഇടത് മുന്നണി മെംബർമാർ പറയുന്നത്. നേരത്തെ പഞ്ചായത്ത് ഭരണസമിതി ക്വാറികൾക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നാരോപിച്ച് എൽ.ഡി.എഫ് രംഗത്തുവരുകയും നിരവധി സമരങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, ആരാണ് ക്വാറികൾക്ക് ഒത്താശ ചെയ്യുന്നതെന്ന് ഇപ്പോൾ ബോധ്യമായില്ലേ എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര എന്നിവർ ചോദിച്ചു. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ കാരശ്ശേരിയിലെ ക്വാറി വിഷയം വീണ്ടും ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.