മുക്കം: ഊട്ടി-കോഴിക്കോട് ഹ്രസ്വ ദൂരപാതയിൽ നിലമ്പൂർ-എടവണ്ണ-അരീക്കോട്-എരഞ്ഞിമാവ്-ചെറുവാടി-മാവൂർ-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് മുടക്കുന്നത് പതിവാകുന്നു. ഇനിയും പുതിയ സർവിസുകൾക്ക് സാധ്യതയുള്ള റൂട്ട് ആയിരുന്നിട്ടും നിലവിൽ ഉള്ള സർവിസുകൾ വരെ കൃത്യമായി ഓടിക്കുന്നില്ലന്നാണ് യാത്രക്കാർ പറയുന്നത്.
പല സർവിസുകളും സ്ഥിരമായി ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിനങ്ങളിലും ഓടാറില്ല. ഇതിനു പുറമെ ഓരോ കാരണങ്ങൾ പറഞ്ഞു മറ്റു ദിവസങ്ങളിലും ട്രിപ്പ് മുടക്കലും പതിവാണ്. നല്ല കലക്ഷൻ ഉള്ള സർവിസുകളാണ് ഇങ്ങനെ മുടക്കുന്നത്. കോഴിക്കോട് നഗരം, മെഡിക്കൽ കോളജ്, എം.വി.ആർ കാൻസർ സെന്റർ പോലെയുള്ള സ്ഥലങ്ങളിലേക്ക് മലപ്പുറത്തിന്റെ കിഴക്കൻ മലയോര മേഖലയിൽനിന്നുള്ള എളുപ്പ വഴി ആയതിനാൽ അവശ്യ സർവിസ് ആയി സ്ഥിരമായി ഓടേണ്ട സർവിസുകളാണ് എല്ലാം.
നിലമ്പൂർ മുതൽ എടവണ്ണ വരെ നോട്ടിഫൈഡ് റൂട്ട് ആയതിനാൽ കെ.എസ്.ആർ.ടി.സി മാത്രമാണ് ഇതിലെയുള്ള ദൂര യാത്രക്കാർക്ക് ഏക ആശ്രയം. ജനസാന്ദ്രത വളരെ കൂടിയ മേഖലകളിലൂടെ പോവുന്ന ഈ സർവിസുകൾ മുടക്കുന്നത് കാരണം നിരവധി യാത്രക്കാർ പെരുവഴിയിലാവുന്നുണ്ട്. നിലവിൽ നിലമ്പൂർ ഡിപ്പോയിൽനിന്ന് മാത്രമാണ് ഈ വഴി സർവിസുകൾ നടത്തുന്നത്. കോഴിക്കോട്, മലപ്പുറം,തിരുവമ്പാടി ഡിപ്പോകൾക്ക് സർവിസ് നടത്താമായിരുന്നിട്ടും അവർ ആരും ഈ വഴി സർവിസ് ഓടിക്കുന്നില്ലന്നും യാത്രക്കാർ പറയുന്നു.
ധാരാളം ആളുകൾ സ്ഥിരമായി ഉപയോഗിക്കുന്ന രാവിലെ 8.30 ന് നിലമ്പൂർ അരീക്കോട് ചെറുവാടി കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതും വൈകീട്ട് 5ന് കോഴിക്കോട് നിന്നാരംഭിച്ച് ചെറുവാടി അരീക്കോട് നിലമ്പൂർ വഴി ഓടുന്നതുമായ ബസ് ഈ ആഴ്ച വെറും രണ്ടു ദിവസമാണ് ഓടിയത്.യാത്രക്കാർ സ്ഥിരമായി ഡിപ്പോയിലേക്ക് വിളിച്ചു പരാതി പറഞ്ഞിട്ടും നടപടികൾ ഉണ്ടാവുന്നില്ല.
സ്വകാര്യബസ് ഉടമകളുടെ സമ്മർദത്തിനു വഴങ്ങിയാണോ കലക്ഷനുള്ള സർവിസുകൾ മുടക്കുന്നതെന്ന് തന്നെ സംശയിക്കുന്ന രീതിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങളെന്നും യാത്രക്കാർ പറയുന്നു. റൂട്ടിന്റെ സാധ്യത മുന്നിൽ കണ്ടു നിലവിലെ സർവിസുകൾ കൃത്യമായി എല്ലാ ദിവസവും ഓടിക്കാനും, പുതിയ സർവിസുകൾ ആരംഭിക്കാനും നടപടികൾ ഉണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.