മുക്കം നഗരസഭയിൽ 1.27 കോടി ചെലവിൽ മത്സ്യസമൃദ്ധി പദ്ധതിയൊരുങ്ങി

മുക്കം: നഗരസഭയിൽ മത്സ്യസമൃദ്ധി വർദ്ധിപ്പിക്കുന്നതിൻെറ ഭാഗമായി 1.27 കോടി രൂപ ചെലവിൽ ബയോ ഫ്ലോക്കുകളും പടുതാ കുളങ്ങളും നിർമിച്ച് ഉൾനാടൻ മത്സ്യകൃഷി ലക്ഷ്യമിട്ടുള്ള പദ്ധതിയൊരുങ്ങുന്നു. ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 3ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സി കുട്ടിയമ്മ ഓൺലൈനിൽ നിർവഹിക്കും. ജോർജ് എം. തോമസ് എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ സ്വാഗതം പറയും.

വിഷമയമല്ലാത്ത രുചികരമായ മത്സ്യങ്ങൾ ഉൾനാടൻ മത്സ്യകൃഷിയിലൂടെ ഉൽപാദിപ്പിക്കുന്നതിനാണ് മത്സ്യസമൃദ്ധി പദ്ധതി നടപ്പാക്കുന്നത്. കോവിഡ് കാലത്ത് കടൽ മൽസ്യങ്ങളുടെ ലഭ്യത കുറയുകയും നല്ല മൽസ്യങ്ങൾ കിട്ടാതാവുകയും ചെയ്തതോടെയാണ് വീട്ടുവളപ്പിലെ മത്സ്യ കൃഷിക്കുള്ള സാധ്യതകൾ തെളിഞ്ഞത്. മായം കലരാത്ത മത്സ്യം ജീവനോടെ എതുസമയത്തും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. മത്സ്യത്തെയും സൂക്ഷ്മാണുക്കളയും ഒരുമിച്ച് വളർത്തി ഉയർന്ന വിളവെടുപ്പ് നടത്താവുന്ന ഇസ്രായേൽ സാങ്കേതിക വിദ്യയായ ബയോ ഫ്ലോക്ക്, വീട്ടുവളപ്പിലെ മൽസ്യകൃഷിക്ക് പടുതാ കുളം എന്നിവയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. 30 ബയോ ഫ്ലോക്കും 70 വീട്ടുവളപ്പിലെ കുളങ്ങളുമുൾപ്പെടെ 100 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

നഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പദ്ധതി നടത്തുന്നത്. 1.27 കോടി രൂപയാണ് രണ്ടു പദ്ധതികൾക്കായി നഗരസഭ നീക്കിവെച്ചത്.

ബയോ ഫ്ലോക്ക് ഒരു യൂനിറ്റ് ആരംഭിക്കാൻ 1,38,000 രൂപയാണ് ചെലവ്. ഇതിൽ 55200 രൂപ നഗരസഭയും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകും. കർഷകർക്കുള്ള പരീശിലനവും സാങ്കതിക സഹായവും ഫിഷറീസ് വകുപ്പ് നൽകും. ഒരു യൂനിറ്റിൽ നിന്നും 1000 കിലോഗ്രാം മത്സ്യോൽപാദനം രണ്ട് വിളയിൽ നിന്നും ലഭിക്കുന്നു. ഒരു വർഷത്തിൽ രണ്ട് വിളയിൽ നിന്നുമായി 1,08,000 രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

വീട്ടുവളപ്പിലെ മത്സ്യകൃഷി പ്രോൽസാഹിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ പടുതാ കുളങ്ങളാണ് നർമിക്കുക. ആസാം വാളയാണ് കൃഷിചെയ്യുക. ഒരു യൂനിറ്റ് ആരംഭിക്കാൻ 1,23,000 രൂപയാണ് ചിലവ് കണക്കാക്കുന്നത്. ഒരു യൂനിറ്റിൽ നിന്നും 1000 കിലോഗ്രാം മത്സ്യ ഉൽപാദനം പ്രതീക്ഷിക്കുന്നു. ആവർത്തന ചെലവായ 49,000 കഴിച്ച് 31,000 രൂപ ലാഭം പ്രതീക്ഷിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.