തുടക്കം രാത്രി ഒളിഞ്ഞു നോട്ടത്തിൽ, ഒടുവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കി; പ്രതി പിടിയിൽ

കോഴിക്കോട്: സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ രാത്രികാലങ്ങളിൽ കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കക്കോടി കൂടത്തുംപൊയിലിലെ വാടകവീട്ടിൽ ഒളിവിൽ താമസിച്ച ഒളവണ്ണ കൊടശ്ശേരിപറമ്പ് അനസ് എന്ന ഹ്യൂണ്ടായ് അനസിനെയാണ് ടൗൺ അസിസ്റ്റന്റ് കമീഷണർ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയത്. രാത്രി വീടുകളിൽ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് വഴിവെച്ചത്. മോഷ്ടിച്ച സ്വർണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനും ഉപയോഗിക്കും.

സിറ്റി ക്രൈം സ്ക്വാഡ് അന്വേഷണത്തിനൊടുവിൽ പിടിയിലായതോടെ ഒരുവർഷമായി അന്വേഷണം നടത്തിവരുന്നതടക്കം നിരവധി കേസുകൾക്ക് തുമ്പുണ്ടായെന്ന് പൊലീസ് പറഞ്ഞു. അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങൾ കവർന്ന് വീടിന്റെ ടെറസിൽ ഉപേക്ഷിച്ച കേസിൽ ജയിലിലായിരുന്നു. കഴിഞ്ഞ ആഴ്ച എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിൽ പ്രതിയാണ്. ടൗൺ, പന്നിയങ്കര,നല്ലളം, മെഡിക്കൽ കോളജ്, കുന്ദമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പല കേസുകളിലും വിചാരണ നടക്കുന്നു. നല്ലളം പൊലീസ് പരിധിയിൽ ഒളവണ്ണയിൽ തൊട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കൈചെയിൻ മോഷ്ടിച്ചതുൾപ്പെടെ പന്തീരാങ്കാവ്, മാവൂർ, എലത്തൂർ എന്നീ പൊലീസ് സ്റ്റേഷനുകളിൽ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.

ആഭരണങ്ങൾ കവർന്നെടുക്കുന്നതോടൊപ്പം പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈൽ ഫോണും മോഷ്ടിച്ച് ഫോൺ വഴിയിലുപേക്ഷിക്കുകയോ ദീർഘദൂര വാഹനങ്ങളിൽ ഒളിപ്പിക്കയോ ചെയ്യും. പൊലീസ് പിടിക്കാതിരിക്കാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഈയിടെയാണ് കൂടത്തുംപൊയിലിൽ എത്തിയത്.

പകൽ പുറത്തിറങ്ങാത്തതിനാൽ അയൽവാസികൾക്കുപോലും അറിവുണ്ടായിരുന്നില്ല. എലത്തൂർ ഇൻസ്പെക്ടർ എം. സായൂജ് കുമാർ, എസ്.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എസ്.ഐമാരായ മനോജ് എടയേടത്ത്, കെ.അഖിലേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, സി.കെ. സുജിത്ത്,ഷാഫി പറമ്പത്ത്, എലത്തൂർ സി.പി.ഒ അബ്ദുൽ സമദ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - man arrested for Stealing women's and children's jewelry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.