എൽ.എൻ.വി തിയേറ്റർ ഗ്രാന്‍റ്​ നാടക ഗ്രാമത്തിന് കൈമാറി

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ ഗ്രാമീണ മേഖലയിലെ മികച്ച നാടക സംഘത്തിന് നൽകുന്ന തിയേറ്റർ ഗ്രാന്‍റ്​ കോഴിക്കോട്ടെ നാടക കൂട്ടായ്മയായ നാടകഗ്രാമത്തിന് കൈമാറി.

നാടക ഗ്രാമത്തിന്‍റെ പുതിയ രംഗാവതരണമായ 'പൊട്ടിപ്പെണ്ണി'ന്‍റെ റിഹേഴ്സൽ ക്യാമ്പിൽ വെച്ചാണ് നാടക സംവിധായകനും എൽ.എൻ.വി കോർഡിനേറ്ററും പുരസ്‌കാര നിർണയ സമിതി അംഗവുമായ ശ്രീജിത്ത്‌ പൊയിൽക്കാവ് നാടകഗ്രാമം ഡയറക്ടർ ടി. സുരേഷ് ബാബുവിന് തുക കൈമാറി. എൽ.എൻ.വി ട്രഷറർ ഷൈജു ഒളവണ്ണയിൽ നിന്ന് നാടക ഗ്രാമം അംഗങ്ങൾ പ്രശസ്തി പത്രം ഏറ്റുവാങ്ങി.

'ഗ്രാമീണ നാടക രംഗത്ത് മികച്ച സംഘാടനത്തോടെ അഭിനന്ദനീയമായ പ്രവർത്തനങ്ങളാണ് നാടകഗ്രാമം കാഴ്ചവെച്ചത്. കോഴിക്കോടിന്‍റെ നാടക പാരമ്പര്യത്തെ ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കുന്നതിലും നാടകഗ്രാമം മുഖ്യ പങ്കുവഹിച്ചു. രക്തവും മാംസവും കൊടുത്തുണ്ടാക്കിയതാണ് കോഴിക്കോട്ടെ നാടക സംസ്കാരം' - ശ്രീജിത്ത്‌ പൊയിൽക്കാവ് അഭിപ്രായപ്പെട്ടു.

26 രാജ്യങ്ങളിൽ നിന്നായി 2000ത്തോളം നാടകസ്നേഹികൾ അടങ്ങുന്നതാണ് ലോക നാടക വാർത്തകൾ കൂട്ടായ്മ. പ്രശസ്ത നാടക പ്രവർത്തകരായ പ്രഫ. ചന്ദ്രദാസൻ, ഡോ. സാംകുട്ടി പട്ടംകരി, റഫീഖ് മംഗലശേരി, രമേശ്‌ കാവിൽ എന്നിവരടങ്ങിയ ജൂറിയാണ് 16 നാമനിർദ്ദേശങ്ങളിൽ നിന്ന് നാടകഗ്രാമത്തെ തിരഞ്ഞെടുത്തത്. കൊല്ലത്തെ നീരാവിൽ പ്രകാശ് കലാകേന്ദ്രവും ഗ്രാൻറിന് അർഹരായിട്ടുണ്ട്.

എടക്കാട് വിപ്ലവ കലാവേദിയിൽ വെച്ചു നടന്ന ചടങ്ങിന്​ ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വി.എം. അജിത ആശംസകൾ നേർന്നു. പുരുഷോത്തമൻ, കെ.കെ. സന്തോഷ്‌, സജു, കുഞ്ഞൻ, സഹദേവൻ, ശിവാനന്ദൻ, സായിജ, പ്രഭ, അഞ്ജു, ഛന്ദസ് എന്നിവർ പങ്കെടുത്തു. മധു മങ്കൂട്ടിൽ സ്വാഗതവും വിനോദ് പിലാശേരി നന്ദിയും പറഞ്ഞു.

Tags:    
News Summary - LNV Theater Grant handed over to nadaka gramam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.