അംസാദ് ഇത്തിയാർ
കുന്ദമംഗലം: വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപനക്കാരനെ പിടികൂടി. മംഗളൂരു സ്വദേശി ഇംറാൻ എന്ന അംസാദ് ഇത്തിയാറിനെയാണ് (ഇർഷാദ്-30) കുന്ദമംഗലം പൊലീസ് കർണാടകയിലെ ഹാസനിൽനിന്ന് പിടികൂടിയത്. ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ രണ്ട് താൻസനിയൻ സ്വദേശികളും നൈജീരിയൻ സ്വദേശിയും ഉൾപ്പെടെ എട്ടുപേർ നേരത്തേ അറസ്റ്റിലായിരുന്നു.
കുന്ദമംഗലം പൊലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാൾ ആഫ്രിക്കൻ സ്വദേശികളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയുമാണ് ചെയ്തിരുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എം.ഡി.എം.എ എത്തിക്കുന്നതിലെ മുഖ്യ കണ്ണിയാണ് ഇയാൾ. പ്രതി താമസിച്ചിരുന്ന റൂമിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും നാല് വൈഫൈ റൂട്ടറുകളും ഗ്ലാസ് കുഴൽ, ഇലക്ട്രിക് തുലാസ് എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുന്ദമംഗലം എസ്.ഐ നിധിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.