നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രിൽ ത​ക​രാ​റി​ലാ​യ ലി​ഫ്റ്റ് അ​റ്റ​കു​റ്റ​പ്ര​വൃ​ത്തി നടത്താത്തതിൽ ​്പ്രതിഷേധിച്ച് ​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ സൂ​പ്ര​ണ്ട് ഡോ. ​പി. ജ​മീ​ല​യെ ഉ​പ​രോ​ധി​ക്കു​ന്നു

ലിഫ്റ്റ് തകരാറിൽ; ഡി.വൈ.എഫ്.ഐ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

നാദാപുരം: ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഓഫിസിനുള്ളിൽ തടഞ്ഞുവെച്ചു. ആശുപത്രിയിൽ തകരാറിലായ ലിഫ്റ്റ് അറ്റകുറ്റപ്രവൃത്തി നടത്തുന്നതിൽ സൂപ്രണ്ട് അനാസ്ഥ കാണിക്കുന്നെന്നാരോപിച്ചാണ് ഉപരോധം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഡി.വൈ.എഫ്.ഐ നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് ഡോ. പി. ജമീലയെ പ്രവർത്തകർ ഉപരോധിച്ചത്.

അഞ്ച് നിലകളുള്ള കെട്ടിടത്തിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായ ലിഫ്റ്റ് തകരാറിലായിട്ട് നാല് ദിവസം കഴിഞ്ഞെന്നും ഇക്കാര്യം സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടികൾ സ്വീകരിക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. സൂപ്രണ്ടിന്റെ കാബിനിൽ കുത്തിയിരുന്ന പ്രതിഷേധക്കാർ സൂപ്രണ്ടുമായി വാക്കേറ്റവും ബഹളവുമായതോടെ നാദാപുരം പൊലീസ് സ്ഥലത്തെത്തി.

ആശുപത്രിയിലെ മൂന്നാമത്തെ നിലയിൽ സ്ത്രീകളും കുട്ടികളും നാലാമത്തെ നിലയിൽ പുരുഷൻമാരുമാണ് ചികിത്സയിലുള്ളത്. മുകൾനിലയിലേക്ക് റാമ്പ് സൗകര്യവും നിലവിലില്ല. മുകൾനിലയിലെ ഒരു രോഗിയെ കൂട്ടിരിപ്പുകാരന്റെ ചുമലിൽ ഏറ്റി താഴെ ഇറക്കേണ്ടിവന്നതായും ആക്ഷേപമുയർന്നു.

കൂടാതെ ആശുപത്രിയിൽ രോഗികളെ കിടത്തിച്ചികിത്സിക്കാൻ തയാറാകാതെ വടകരയിലേക്കും കോഴിക്കോട്ടേക്കും റഫർ ചെയ്യുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഒടുവിൽ ബുധനാഴ്ച ലിഫ്റ്റ് പ്രവർത്തനസജ്ജമാക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനൽകിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

ആശുപത്രി പ്രവർത്തനത്തിനെതിരെ വ്യാപക പരാതി ഉയരുന്നതിനിടെ ഭരണപക്ഷ സംഘടനയിൽപെട്ടവർക്കുതന്നെ സമരവുമായി ഇറങ്ങേണ്ടിവന്നത് ചർച്ചയായിട്ടുണ്ട്. എം. വിനോദൻ, എസ്.എ. അമൽജിത്ത്, സി.എച്ച്. വിഷ്ണു, കെ.വി. ഷൈനേഷ്, എം.കെ. വിനീഷ്, ശരത് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

Tags:    
News Summary - Elevator malfunction-DYFI protest against hospital superintendent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.